കോഴിക്കോട്: വോട്ടുചെയ്യാനെത്തുന്നവരെ തടയലും ഭിഷണിപ്പെടുത്തി തിരിച്ചയക്കലുമെല്ലാം കോഴിക്കോട്ടുകാര്‍ക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു. എന്നാല്‍, ശനിയാഴ്ച ചേവായൂര്‍ സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അത് നേരിട്ടുകണ്ടു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഒട്ടേറെപ്പേര്‍ക്ക് വോട്ടുചെയ്യാനാവാതെ മടങ്ങേണ്ടി വന്നു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ പോലീസ് സംരക്ഷണത്തിലാണ് പറയഞ്ചേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വോട്ടെടുപ്പ് തുടങ്ങിയത്. പോളിങ് ഏജന്റുമാരെ സ്റ്റേഷനുള്ളിലേക്ക് കടത്തിവിട്ടില്ലെന്നാരോപിച്ചായിരുന്നു വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തര്‍ക്കം തുടങ്ങിയത്. ഇതേച്ചൊല്ലി സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പിന്നീടാണ് കള്ളവോട്ട് ആരോപണത്തെച്ചൊല്ലി പ്രശ്നമുണ്ടായത്.
വിമതര്‍ക്കുവേണ്ടി കള്ളവോട്ട് ചെയ്യാനെത്തിയ ഒരാളെ ബൂത്തിനുള്ളില്‍വെച്ചുതന്നെ തങ്ങള്‍ പിടികൂടിയതോടെ വിമത പാനല്‍ നയിക്കുന്ന ബാങ്ക് പ്രസിഡന്റ് ജി.സി. പ്രശാന്ത്കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഡി.സി.സി. സെക്രട്ടറി എടക്കുനി അബ്ദുറഹ്മാനെ ജി.സി. പ്രശാന്ത് ചവിട്ടിവീഴ്ത്തിയെന്നാരോപിച്ച് കൂടുതല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എം.കെ. രാഘവന് എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമെത്തി. ബൂത്തിലെ സംഘര്‍ഷം പിന്നെ റോഡിലേക്ക് മാറിയതോടെ പരിധിവിട്ട് കൂട്ടത്തല്ലായി മാറി. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവിഭാഗത്തെയും നിയന്ത്രിക്കാനായില്ല. ഇതോടെ ലാത്തിവീശി ഓടിച്ചു. ഏകപക്ഷീയമായി പോലീസ് പ്രവര്‍ത്തിച്ചെന്നാരോപിച്ച് മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരസ്പരം പോര്‍വിളിച്ച് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ഇരുഭാഗത്തുമായി നിലയുറപ്പിച്ചു.
നിയന്ത്രണംവിട്ട് പരസ്പരം കൂട്ടത്തല്ലുണ്ടായെങ്കിലും അത് നിയന്ത്രിക്കാന്‍ ആവശ്യമായ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. സി.പി.എം. പ്രവര്‍ത്തകരെ ബൂത്തില്‍നിന്ന് മാറ്റിയില്ലെങ്കില്‍ ഞങ്ങളും അകത്തുകയറിയിരിക്കും പുറത്തിറങ്ങില്ല ഞങ്ങളെ വെടിവെക്കേണ്ടിവരുമെന്ന് എം.കെ. രാഘവന് എം.പി.യും ടി. സിദ്ദിഖും പറഞ്ഞതോടെ പോലീസ് ഇരുവിഭാഗം പ്രവര്‍ത്തകരെയും നീക്കംചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അത് കൂടുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായി. രണ്ടുതവണയാണ് പോലീസ് ലാത്തിവീശിയത്. ലാത്തിച്ചാര്‍ജിനിടെ സി.പി.എം. കുന്ദമംഗലം ഏരിയാ സെക്രട്ടറി ഷൈബുവിന് തലയ്ക്ക് പരിക്കേറ്റ് രക്തമൊഴുകി. റോഡിന്റെ മതിലിനപ്പുറത്തുനിന്ന് കല്ലേറുമുണ്ടായി. ലാത്തിച്ചാര്‍ജ് നടത്തിയതോടെ പോലീസും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായി. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബിനെ മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ തടഞ്ഞെന്നാരോപിച്ച് പ്രവര്‍ത്തകര്‍ ബഹളം തുടങ്ങി. സി.പി.എം. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഇന്‍സ്പെക്ടറെ സ്ഥലത്തുനിന്ന് മാറ്റി.
രാവിലെ തുടങ്ങിയ സംഘര്‍ഷം 12 മണിയോടെ കൂടുതല്‍ രൂക്ഷമായി. സി.പി.എം പ്രവര്‍ത്തകര്‍ സ്കൂള്‍കവാടത്തില്‍ സംഘടിച്ചുനിന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചന്നൊരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങി. വോട്ടര്‍മാരുടെ തിരിച്ചറിയല്‍കാര്‍ഡുകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധത്തെതുടര്‍ന്ന് സ്കൂള്‍ഗേറ്റില്‍നിന്ന് മാറാന്‍ സി.പി.എം. പ്രവര്‍ത്തകരോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ മാറിയില്ല. ഇതിനിടെ വോട്ടര്‍മാരെ കടത്തിവിടാന്‍ തൊട്ടപ്പുറത്ത് കടവരാന്തയില്‍ നില്‍ക്കുകയായിരുന്ന മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പയ്യാനക്കലിന് മര്‍ദനമേറ്റു. വോട്ടര്‍മാരെ കൂട്ടത്തോടെ തടയുന്നതിനിടയില്‍ത്തന്നെ കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനാനെത്തിയ ഒരുകുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് മടക്കിയത്. വോട്ടുചെയ്തുവരുമ്പോള്‍ കുട്ടിയുണ്ടാവില്ലെന്നായിരുന്നു കവാടത്തില്‍ നിന്നവരുടെ ഭീഷണിയെന്ന് വോട്ടര്‍പറഞ്ഞു. ഇതോടെ മടങ്ങിപ്പോയെങ്കിലും പിന്നീട് പോലീസിന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹായത്തോടെ വോട്ടുചെയ്തു.
എം. മെഹബൂബ്, കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മാറ്റുകയും ചെയ്്തോടെ ഉച്ചയ്ക്ക് ഒരുമണിയോടെ സംഘര്‍ഷത്തിന് നേരിയ അയവുവന്നു. പോലീസിന്റെ സഹായത്തോടെ ആളുകള്‍ വോട്ടുചെയ്യാന്‍പോവാന്‍തുടങ്ങി. പക്ഷേ, വോട്ടര്‍മാരെ തടഞ്ഞെന്ന് പറഞ്ഞ് വീണ്ടും സംഘര്‍ഷമുണ്ടായി. എം.കെ. രാഘവന് എം.പിയും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്തും സ്കൂള്‍കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡെപ്യൂട്ടിമേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് നേതാക്കളുമായി ചര്‍ച്ചനടത്തിയെങ്കിലും പിരിഞ്ഞുപോയില്ല. കുറച്ചുകഴിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ എഴുന്നേറ്റുപോവുന്നതിനിടെ എം.കെ. രാഘവന് എം.പി.ക്കുനേരേ കൈയേറ്റശ്രമമുണ്ടായി. ഇതോടെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്.കെ. പൊറ്റെക്കാട്ട് ജങ്ഷനു സമീപത്തും സംഘര്‍ഷം തുടങ്ങി. രണ്ടുമണിയായതോടെ സ്കൂള്‍കവാടം പൂര്‍ണമായും സി.പി.എം. പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായി. വോട്ടര്‍മാരെ കടത്തിവിടാന്‍ ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഉന്തുംതള്ളുമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്മാറി. പോലീസും ഇടപെടാതായി.
കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന നേതാക്കളെ മറികടന്ന് മറുഭാഗത്തുകൂടെ കടന്നുപോവാം ഇതുവഴി കഴിയില്ലെന്ന് പറഞ്ഞാണ് വോട്ടര്‍മാരെ തടഞ്ഞത്. എന്നാല്‍, സി.പി.എം. പ്രവര്‍ത്തകര്‍മാത്രം സംഘടിച്ചുനില്ക്കുന്ന മറുഭാഗത്തുകൂടി പോവുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങുകയും അടിച്ചോടിക്കുകയുമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എതിര്‍പ്പ് മറികടന്ന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചവരെയൊക്കെ പിടിച്ചുതള്ളി. രണ്ടുമൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റു. ”സംഘര്‍ഷമുണ്ടാവും ഉള്ളില്‍ പ്രശ്നമാണ്. കാലും കൈയും പൊട്ടും വെറുതെ വോട്ടുചെയ്യാന്‍ പോവാന്‍ ശ്രമിക്കണ്ട” എന്നുപറഞ്ഞാണ് പ്രായമായവരെയും സ്ത്രീവോട്ടര്‍മാരെയും പിന്തിരിപ്പിച്ചത്. ചില വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെ തിരികെക്കൊടുത്തുമില്ല. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുമണിവരെ ഇതേ അവസ്ഥ. വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ ബാക്കിനില്‍ക്കെ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടുമെത്തിയതോടെ സി.പി.എം പ്രവര്‍ത്തകര്‍ അതിനെ നേരിട്ടു. പിന്നെ കൂട്ടത്തല്ലായിരുന്നു. പോലീസ് എത്തുന്നതിനു മുന്‍പുതന്നെ വലിയരീതിയില്‍ അടിപിടിയുണ്ടായിരുന്നു. രാവിലെ എട്ടിന് തുടങ്ങിയ സംഘര്‍ഷത്തിന് നാലുമണിയോടെയാണ് അയവുണ്ടായത്.