MovieNEWS

പരസ്യമായി ക്ഷമ ചോദിച്ചിട്ടും തുടര്‍ന്ന പക; നയന്‍-ധനുഷ് പോരിന് വര്‍ഷങ്ങളുടെ പഴക്കം

മിഴ് സൂപ്പര്‍ താരങ്ങളായ നയന്‍ താരയും ധനുഷും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചു മുന്നേറുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വച്ച് നയന്‍താര ധനുഷിനോട് ക്ഷമ പറഞ്ഞ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. വിഘ്നേശ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നയന്‍ താരയും വിജയ് സേതുപതിയും അഭിനയിച്ച നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മിച്ചത് ധനുഷ് ആയിരുന്നു. എന്നാല്‍ ഈ ചിത്രത്തിലെ നയന്‍താരയുടെ പ്രകടനം ധനുഷ് ഇഷ്ടപ്പെട്ടിരുന്നില്ല. ഷൂട്ടിങ്ങിനിടെ സെറ്റില്‍ ധനുഷ് എത്തി നയന്‍താരയുടെ അഭിനയം മെച്ചപ്പെടുത്താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു എന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ബധിരയായ ആ കഥാപാത്രത്തിന് ഏറെ പ്രശംസകള്‍ നേടിയ നയന്‍താരയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയ നയന്‍താര തന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെടാത്തത്തില്‍ ക്ഷമ ചോദിക്കുകയും അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താം എന്ന് പറയുകയും ചെയ്തിരുന്നു. അത്ര പ്രസന്നമല്ലാത്ത മുഖഭാവങ്ങളോടെയാണ് ധനുഷ് അന്ന് സദസിലിരുന്നത്. ‘എനിക്ക് ഈ അവസരത്തില്‍ ധനുഷിനോട് ക്ഷമ പറയാനയുണ്ട്. കാരണം നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ എന്റെ പ്രകടനം ധനുഷ് തീര്‍ത്തും വെറുത്തിരുന്നു. എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതില്‍ സോറി ധനുഷ്, അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.” എന്നാണ് നയന്‍താര അന്ന് വേദിയില്‍ സംസാരിച്ചത്.

Signature-ad

നാനും റൗഡി താന്‍ റിലീസ് ചെയ്തു ഇത്രകാലം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ‘നാനും റൗഡി താന്‍ റിലീസ് ചെയ്തിട്ട് ഏകദേശം 10 വര്‍ഷമായി. ‘ലോകത്തിനു മുന്നില്‍ നന്മയുടെ മുഖംമൂടി ധരിച്ച ഒരാള്‍ ഉള്ളില്‍ ഇത്രയും നീചമായ വെറുപ്പ് സൂക്ഷിക്കുന്നത് അത്ഭുതം തന്നെ. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന സിനിമ നിങ്ങള്‍ക്ക് സമ്മാനിച്ചവരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഞങ്ങളില്‍ ഇന്നും ഉണങ്ങാത്ത മുറിവാണ്. സിനിമയെക്കുറിച്ച് നിങ്ങള്‍ പറഞ്ഞ എല്ലാ നീചമായ കാര്യങ്ങളും ഞാന്‍ മറന്നിട്ടില്ല. പ്രീറിലീസിനു തൊട്ടുമുന്‍പ് നിങ്ങള്‍ പറഞ്ഞ കാര്യങ്ങളും ചിത്രം വന്‍ ഹിറ്റായപ്പോള്‍ നിങ്ങളുടെ ഈഗോയ്ക്ക് മുറിവേറ്റു എന്ന് നിങ്ങള്‍ പറഞ്ഞതും പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു. ഈ സിനിമ വിജയിച്ചതിലുള്ള നിങ്ങളുടെ അതൃപ്തി 2016 ഫിലിംഫെയര്‍ അവാര്‍ഡ് ഫംഗ്ഷനില്‍ പങ്കെടുത്ത സാധാരണക്കാര്‍ക്ക് പോലും വ്യക്തമായിരുന്നു.’ നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

നെറ്റ് ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയായ നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലില്‍ ധനുഷ് നിര്‍മിച്ച് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നയന്‍താര ചിത്രം ‘നാനും റൗഡി താനിലെ’ സീനുകള്‍ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല എന്ന് വ്യക്തമാക്കിയാണ് സ്വന്തം ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നയന്‍താര കുറിപ്പ് പങ്കുവച്ചത്. നടന്‍ ധനുഷുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകിയതെന്നും നയന്‍ താര പറഞ്ഞു.

നയന്‍താരയും ധനുഷും തമ്മിലുള്ള പ്രശ്‌നം നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ തുടങ്ങിയതാണെന്നും ആ സിനിമ വിജയിച്ചതില്‍ ധനുഷിന് അമര്‍ഷം ഉണ്ടായിരുന്നു എന്നും നയന്‍ താര വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇന്നാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ധനുഷിനെതിരെ നയന്‍താര 3 പേജുള്ള ഒരു കുറിപ്പ് പങ്കുവച്ചത്. ധനുഷിനെ കസ്തൂരിരാജയുടെ മകനെന്നും സെല്‍വരാഘവന്റെ സഹോദരനെന്നും അഭിസംബോധന ചെയ്താണ് നയന്‍താര കുറിപ്പ് ആരംഭിച്ചത്. പ്രിവിലേജ് ഉള്ള ഒരു കുടുംബത്തില്‍ നിന്ന് എല്ലാവരുടെയും പിന്തുണയോടെ സിനിമയിലെത്തി സൂപ്പര്‍ താരമായ ഒരാളുടെ അവസ്ഥയല്ല സിനിമാ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു സ്ത്രീ ഒറ്റക്ക് ഇന്നത്തെ നിലയില്‍ എത്തിയതെന്ന് നയന്‍ താര പറഞ്ഞു.

Back to top button
error: