”3 സെക്കന്‍ഡ് ദൃശ്യത്തിന് 10 കോടി.. ധനുഷിന് പക, ഉള്ളിലുള്ള സ്വഭാവം പുറത്ത് വന്നു”
നാനും റൗഡി താന്‍ സിനിമയിലെ ബിടിഎസ് രംഗങ്ങള്‍ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിലുപയോഗിച്ചതിന് നയന്‍താരയ്ക്കെതിരെ നടന് ധനുഷ് കോപ്പിറൈറ്റ്സ് നോട്ടീസ് അയച്ചത് വലിയ വാര്‍ത്തയായിരുന്നു. 3 സെക്കന്‍ഡ് ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു സിനിമയുടെ നിര്‍മാതാവായ ധനുഷ് മുന്നോട്ടു വെച്ച ആവശ്യം. എന്നാല്‍ വിഷയത്തില്‍ ധനുഷിനെതിരെ രൂക്ഷഭാഷയിലിപ്പോള് പ്രതികരിച്ചിരിക്കുകയാണ് നയന്‍താര. ധനുഷിന്റേത് വെറും പകര്‍പ്പവകാശ പ്രശ്നമല്ലെന്നും ധനുഷ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും നയന്‍താര തുറന്നടിച്ചു. ധനുഷിനെ പരാമര്‍ശിച്ച്, ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന കത്ത് പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.
തങ്ങളുടെ വിവാഹ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ പാട്ടുപയോഗിക്കാന്‍ രണ്ട് വര്‍ഷത്തോളം ധനുഷിന്റെ നിര്‍മാണക്കമ്പനിയില്‍ നിന്ന് അനുമതിക്ക് കാത്തു എന്നാണ് നയന്‍താര പറയുന്നത്. ഒരുപാട് തവണ ഇക്കാര്യം ധനുഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്നും ധനുഷ് ഇക്കാര്യം മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നും നയന്‍താര കത്തില്‍ കുറിക്കുന്നു.
കത്തിന്റെ പൂര്‍ണരൂപം:
ഒരുപാട് കാര്യങ്ങളിലെ തെറ്റിദ്ധാരണ മാറ്റാനാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്. അങ്ങയെപ്പോലെ എല്ലാവിധ പിന്തുണയോടെയും വളര്‍ന്നു വന്ന കലാകാരന് ഒരു കാര്യം മനസ്സിലാക്കണം. സിനിമ എന്ന് പറയുന്നത് നിലനില്‍പ്പിന് വേണ്ടി നിരന്തരം പരിശ്രമിക്കേണ്ട, എന്നെപ്പോലെ ഉള്ള ആളുകളുടേത് കൂടിയാണ്. ഇന്‍ഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാത്ത ഞാന്‍ ഇന്ന് ഈ നിലയിലെത്തിയതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ട്, അധ്വാനമുണ്ട്. പ്രേഷകരോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാനതിന് എന്നും കടപ്പെട്ടിരിക്കും.
എന്റെ വിവാഹ ഡോക്യുമെന്ററി എന്നെപ്പോലെ തന്നെ എന്റെ ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളത് പുറത്തിറക്കുന്നത്. നിങ്ങള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുമ്പോള്‍ അത് എന്നെയും എന്റെ പങ്കാളിയെയും മാത്രമല്ല, ഒരു ടീമിനെ തന്നെ കാര്യമായി ബാധിക്കും. എന്നെയും എന്റെ വിവാഹജീവിതത്തെയും കുറിച്ചുള്ള ഈ ഡോക്യുമെന്ററിയില്‍ എന്റെ മറ്റ് പല സിനിമകളിലെയും ക്ലിപ്പുകളും ഇന്ഡസ്ട്രിയിലെ പലരും പങ്കുവച്ച ഓര്‍മകളും ഒക്കെയുണ്ട്. പക്ഷേ എനിക്കേറ്റവും പ്രിയപ്പെട്ട, എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായ നാനും റൗഡി താനിലെ ഒന്നും തന്നെയില്ല.
ആ ഡോക്യുമെന്ററിയുടെ റിലീസിന് നിങ്ങളുടെ എന്‍ഒസിയ്ക്കായി(നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) രണ്ട് വര്‍ഷത്തോളം ഞങ്ങള്‍ കാത്തു. അവസാനം സഹികെട്ടാണ് ഡോക്യുമെന്ററി വീണ്ടും എഡിറ്റ് ചെയ്ത് പുതിയ വേര്‍ഷന്‍ ആക്കിയത്. സിനിമയിലെ പാട്ടോ ക്ലിപ്പുകളോ എന്തിന് ഫോട്ടോ പോലും ഉപയോഗിക്കാനുള്ള അനുമതി നിങ്ങള്‍ തന്നില്ല.
ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ നാനും റൗഡി താനിലെ പാട്ടുകളേക്കാള്‍ മികച്ച ഒന്നില്ല എന്നിരിക്കെ അതിന് താങ്കള്‍ സമ്മതം നല്‍കാഞ്ഞത് ഹൃദയഭേദകമായിരുന്നു. കോപ്പിറൈറ്റ് പ്രശ്നങ്ങളാണ് അതിന് പിന്നില്‍ എങ്കില്‍ മനസ്സിലാക്കാമായിരുന്നു, എന്നാല്‍ ഇത് താങ്കള്‍ വ്യക്തിവൈരാഗ്യം തീര്‍ത്തതാണ് എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. എന്‍ഒസിക്കുള്ള അനുമതി വൈകിയത് ഈ പകപോക്കലിന്റെ ഫലമാണെന്നതും സഹിക്കാനാവുന്നില്ല.
ഇതൊന്നും കൂടാതെ ഡോക്യുമെന്ററിയുടെ ട്രെയ്ലര് റിലീസായതിന് പിന്നാലെ താങ്കള്‍ ലീഗല്‍ നോട്ടീസ് അയച്ചത് അതിലും വലിയ ഷോക്ക് ആയിരുന്നു. വെറും 3 സെക്കന്‍ഡ് വീഡിയോയ്ക്ക് വേണ്ടി 10 കോടിയാണ് താങ്കള്‍ ആവശ്യപ്പെട്ടത്. ആ ക്ലിപ്പ് ആകട്ടെ ഞങ്ങള്‍ പേഴ്സണല്‍ ഡിവൈസുകളില്‍ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതും.
3 സെക്കന്‍ഡിന് കോടികള്‍- അത് വളരെ മോശമായിപ്പോയി. നിങ്ങളുടെ സ്വഭാവമാണ് അത് വ്യക്തമാക്കുന്നത്. നിങ്ങള്‍ പുറത്തുകാട്ടുന്ന വ്യക്തിത്വത്തിന്റെ പകുതിയെങ്കിലും നിങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. സ്റ്റേജ് ഷോകളിലും ഓഡിയോ ലോഞ്ചിലുമൊക്കെ ആരാധകരെ പറ്റിക്കാന്‍ കാണിക്കുന്ന ആ പാവം സ്വഭാവമല്ല താങ്കള്‍ക്ക് എന്ന് എനിക്കും എന്റെ പങ്കാളിക്കുമറിയാം.
സെറ്റിലെ എല്ലാവരുടെയും സ്വകാര്യതയിലും സ്വാതന്ത്ര്യത്തിലുമൊക്കെ കൈകടത്താന്‍ പോന്ന ഏകാധിപതിയായി നിര്‍മാതാക്കള്‍ മാറുമോ? ആ ഏകാധിപതിയുടെ ആജ്ഞ അനുസരിക്കാതിരുന്നാല്‍ നിയമപരമായ നടപടികളുണ്ടാകുമോ?
താങ്കളുടെ നോട്ടീസിന് നിയമപരമായി തന്നെ ഞങ്ങള്‍ മറുപടി നല്‍കുന്നതായിരിക്കും. ആ സിനിമയിലെ ഗാനം ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് കോടതിയില്‍ എതിര്ക്കാനായേക്കാം. പക്ഷേ ദൈവത്തിന്റെ കോടതി എന്നൊന്നുണ്ട്. അവിടെ നിങ്ങള്‍ ഇതിന് ഉത്തരം പറഞ്ഞേ തീരൂ.
നാനും റൗഡി താന്‍ ഇറങ്ങിയിട്ട് പത്ത് വര്‍ഷമാകുന്നു. ഇത്രയും നാള് ഇങ്ങനെയൊരു പക തുടരാന്‍ അത്രയും നീചനായ ഒരാളെക്കൊണ്ടേ സാധിക്കൂ. ലോകത്തിന് മുന്നില്‍ മുഖംമൂടിയണിഞ്ഞ് നിങ്ങളത് ഭംഗിയായി മറച്ചുപിടിച്ചു. വലിയ ഇന്‍ഡസ്ട്രി ഹിറ്റ് ആയിരുന്ന ആ സിനിമയെ കുറിച്ച് നിങ്ങള്‍ പറഞ്ഞ മോശം വാക്കുകള്‍ ഞാന്‍ മറന്നിട്ടില്ല. സിനിമയുടെ പ്രീറിലീസ് സമയം നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശങ്ങള്‍ ഇതിനകം തന്നെ ഞങ്ങള്‍ക്ക് വലിയ മുറിവുകള്‍ മാനസികമായി ഉണ്ടാക്കി. സിനിമ ഒരു ബ്ലോക്ബസ്റ്റര്‍ ആയ സമയം നിങ്ങള്‍ക്ക് വലിയ ഈഗോ പ്രശ്നമുണ്ടായതായി പലരും പറഞ്ഞ് ഞാനറിഞ്ഞിട്ടുണ്ട്. അത് 2016ലെ ഫിലിംഫെയറില്‍ എല്ലാവരും കാണുകയും ചെയ്തു.
ബിസിനസിലുള്ള മത്സരം മാറ്റിനിര്‍ത്തിയാല്‍, മുഖ്യധാരയില്‍ നില്ക്കുന്ന ആരും തന്നെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തില്‍ കൈകടത്താറില്ല. മാന്യതയും മര്യാദയുമൊക്കെ അത്തരം കാര്യങ്ങളില്‍ അനിവാര്യവുമാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ ഇത്തരം സമീപനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം, അത് അങ്ങയെപ്പോലെയുള്ള പ്രമുഖരുടെ ഭാഗത്ത് നിന്നായാല്‍ പോലും. മറ്റുള്ളവരുടെ വിജയങ്ങളില്‍ അസ്വസ്ഥതപ്പെടേണ്ട ആവശ്യമില്ല, അങ്ങത് മനസ്സിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ഈ ലോകം എല്ലാവര്‍ക്കുമുള്ളതാണ്. സിനിമാ പാരമ്പര്യമില്ലാത്ത ആളുകളും സിനിമയില്‍ വലിയ നിലയില്‍ എത്തിയെന്നിരിക്കും. പുതിയ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കിയെന്നിരിക്കും. അത് അവരുടെ കഷ്ടപ്പാടിന്റെ ഫലമാണ്. അത് നിങ്ങള്‍ക്കൊരു നഷ്ടവുമുണ്ടാക്കുന്നില്ല. അതിലൊരു തെറ്റും കാണേണ്ടതില്ല.
നിങ്ങള്‍ ചിലപ്പോള്‍ ഒരു കഥ മെനഞ്ഞ് മാസ് ഡയലോഗുകളുമായി അടുത്ത ഓഡിയോ ലോഞ്ചിന് എത്തിയെന്നിരിക്കും. പക്ഷേ മുകളിലൊരാള്‍ ഇതൊക്കെ കാണുന്നുണ്ട് എന്ന് ഓര്മ വേണം. മറ്റുള്ളവരുടെ സന്തോഷത്തിലും നമുക്ക് സന്തോഷം കണ്ടെത്താനാവും. ഞങ്ങളുടെ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി താങ്കള്‍ കാണണമെന്നാണ് ഞാന്‍ പറയുന്നത്. ചിലപ്പോള്‍ അത് നിങ്ങളുടെ മനസ്സ് മാറ്റിയേക്കാം. സ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. അത് വെറുതെ പറഞ്ഞ് നടക്കാനല്ലാതെ പ്രകടിപ്പിക്കാനും നിങ്ങള്‍ക്കാകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത സിനിമയാണ് ‘നാനും റൗഡി താന്‍’. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് വിഘ്നേഷും നയന്‍താരയും പ്രണയത്തിലായത് എന്നാണ് പറയപ്പെടുന്നത്. ഡോക്യുമെന്ററിയില്‍ ഈ സിനിമയെ കുറിച്ച് പരാമര്‍ശവുമുണ്ട്. നവംബര്‍ 18നാണ് ഡോക്യുമെന്ററിയുടെ റിലീസ്