KeralaNEWS

വി.ഡി സതീശൻ വ്യക്തിഹത്യ നടത്തുന്നു: ഡോ. പി സരിനൊപ്പം  ഡോ. സൗമ്യയും വാർത്താസമ്മേളനത്തിൽ

   എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിനും ഭാര്യ ഡോ. സൗമ്യ സരിനും പാലക്കാട്‌ മണ്ഡലത്തിലേക്ക്‌ വോട്ട്‌ മാറ്റിയത്‌ അനധികൃതമായിട്ടാണ് എന്ന വി ഡി സതീശന്റെ പ്രചാരണം പൊളിഞ്ഞു. 2018 ൽ  വാങ്ങിയ വീടിന്റെ വിലാസത്തിലാണ്‌ വോട്ട്‌ മാറ്റിയതെന്നും ഇരട്ടവോട്ടില്ലെന്നും ഇരുവരും പറഞ്ഞു. തങ്ങൾ വ്യാജവോട്ടർമാരാണ് എന്ന പ്രചാരണവും വ്യക്തിഹത്യയും അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇരുവരും പറഞ്ഞു.

ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും ക്ഷണിച്ചു. സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്. വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു.

Signature-ad

വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ പടച്ചുവിട്ടുവെന്നും തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണെന്നും സരിൻ പറഞ്ഞു. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. 2017 ൽ ഈ വീട് വാങ്ങി. 2020 ൽ വാടകയ്ക്ക് നൽകി. ഈ വീടിൻ്റെ വിലാസം നൽകിയാണ് വോട്ടർ പട്ടികയിൽ ചേർത്തത്. താൻ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോൾ ചിലർക്ക് സങ്കടമാണ്. പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് ഈ സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയത്.

ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഡോ സൗമ്യയും പ്രതികരിച്ചു. തന്റെ വഴി രാഷ്ട്രീയമല്ല. താൻ രാഷ്ട്രീയം പറയാറില്ല. തുടക്കം മുതൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു. വ്യാജ വോട്ടർ എന്ന നിലയിൽ പ്രചരണം ഉണ്ടായി. വസ്തുതകൾ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയല്ല. ഈ വീട് എന്റെ പേരിലാണ് വാങ്ങിയത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഊഹിച്ച് വാങ്ങിയതല്ല. സ്വന്തം ജില്ലയിൽ വീട് വേണമെന്ന് കരുതി ലോൺ എടുത്ത് വാങ്ങിയതാണെന്നും സൗമ്യ സരിൻ പറഞ്ഞു.

വീടിന്റെ ആധാരം എടുത്ത് കാണിച്ച ഡോ. സൗമ്യ കരം അടച്ച രേഖ ഉൾപ്പെടെ മുഴുവൻ രേഖകളും   ഉണ്ടെന്നും പറഞ്ഞു. വീട് തന്റെ പേരിൽ ഉള്ളതാണ്. തന്നെ സ്ഥാനാർഥിയുടെ ഭാര്യയായി കാണേണ്ടതില്ല. സൗമ്യ സരിൻ എന്ന വ്യക്തിയായി മാത്രം കണ്ടാൽ മതി. രാഷ്ട്രീയത്തിൽ മിനിമം നിലവാരം വേണം. ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാട് ആണ്. താൻ ഇവിടെ 6 മാസമായി  താമസിക്കുന്നില്ല എന്നതിന് എന്താണ് പ്രതിപക്ഷ നേതാവിന് തെളിവ് ഉള്ളത്. ഈ വീടിന്റെ മുകളിലെ നിലയിൽ തങ്ങൾ താമസിക്കാറുണ്ട്. ഒറ്റപ്പാലത്തും പാലക്കാടും എപ്പോൾ പോകണമെന്ന് ആര് തീരുമാനിക്കണം. എവിടെ വോട്ട് ചെയ്യണം എന്ന് ഞാൻ അല്ലേ തീരുമാനിക്കേണ്ടത്. പാലക്കാട് ഞാൻ വോട്ട് ചെയ്യരുതെന്ന് ആർക്കാണ് നിർബന്ധമെന്നും സൗമ്യ ചോദിച്ചു.

ഇരട്ട വോട്ടും വ്യാജ വോട്ട് തന്നെയാണെന്ന് സരിൻ പറഞ്ഞു. തനിക്ക് ഒരൊറ്റ വോട്ട് മാത്രമേ ഉള്ളൂ. വോട്ട് മാറ്റാൻ നഗരസഭ അന്യായമായി എന്ത് സഹായമാണ് ചെയ്തത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. 2018 മുതൽ പാലക്കാട് താമസക്കാരനാണ്. 2020 ൽ കോവിഡ് കാലത്താണ് വോട്ട് ഒറ്റപ്പാലത്തേക്ക് മാറ്റിയത്. എപ്പോൾ വോട്ട് മാറ്റണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: