KeralaNEWS

അമ്മയും മകളും ജയിലിലായി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് എട്ടര ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ് 

   യു.കെയിലേക്ക് വിസാ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  പലതവണകളായി എട്ടര ലക്ഷം (85,0000) രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം പെരുമ്പുഴ യമുനാ സദനത്തില്‍ അനിതാ കുമാരി(48), മകള്‍ അശ്വതി(26), കോവൂര്‍, മുക്കൊടി തെക്കതില്‍ ബാലു ജി നാഥ്(31) എന്നിവർ പൊലീസ് പിടിയിലായി. 2021 ആഗസ്റ്റ് മാസം മുതല്‍ 2023 ആഗസ്റ്റ് മാസം വരെയുള്ള കാലയളവില്‍ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കള്‍ക്കും യു.കെയിലേക്ക് വിസാ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പലതവണകളായി പണം  തട്ടിയെടുത്തത്.

അശ്വതിയും ബാലുവും ചേര്‍ന്ന് കൊല്ലം താലൂക്ക് ജംഗ്ഷനില്‍ നടത്തി വന്ന വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. വിസ ലഭിക്കാതായതോടെ പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചെങ്കിലും ജോലിക്കുള്ള വിസയോ, നല്‍കിയ പണമോ തിരികെ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല.

Signature-ad

തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ഇവര്‍ തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്തു നിന്നും പോലീസിന്റെ വലയിലാവുകയായിരുന്നു. സമാന രീതിയില്‍ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചില്‍ നടത്തി വരുകയാണ്. കൊല്ലം ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുമേഷ്, ശബ്ന, ജോയ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: