IndiaNEWS

നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു; വിടവാങ്ങിയത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യം

ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ദില്ലി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നടക്കും. ക്യാരക്ടര്‍ വേഷങ്ങളിലൂടെ പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്.

1944 ഓഗസ്റ്റ് 1ന് ജനിച്ച ദില്ലി ഗണേഷ്, 1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഒരു ദശാബ്ദക്കാലം വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Signature-ad

നായകന്‍ (1987), മൈക്കിള്‍ മദന കാമ രാജന്‍ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ഗണേഷ് ഏറെ പ്രശംസ പിടിച്ചുപറ്റി. അപൂര്‍വ സഹോദരങ്ങള്‍ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

രജനീകാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ഗണേഷിന് 1979ല്‍ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരമാര്‍ശവും ലഭിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഗണേഷിന്റെ മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Back to top button
error: