KeralaNEWS

അര്‍ധരാത്രിയിലെ റെയ്ഡില്‍ കലങ്ങി പാലക്കാടിന്റെ രാഷ്ട്രീയം; ഡീല്‍ ആരോപിച്ച് കോണ്‍ഗ്രസ്, ഭയമെന്തിനെന്ന് സിപിഎം

പാലക്കാട്: വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വിവാദം കത്തുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പൊലീസ് ഒരു മുന്നറിയിപ്പുമില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറിയിലെത്തി പരിശോധന നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിന്ദു കൃഷ്ണയുടെ മുറിയില്‍ പരിശോധന നടത്തിയ പൊലീസ് ഷാനിമോള്‍ ഉസ്മാന്റെ മുറിയിലെത്തിയപ്പോള്‍ അവര്‍ മുറി തുറക്കാന്‍ താമസിച്ചുവെന്നാണ് സിപിഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഷാനിമോള്‍.

രാത്രി ഒന്നരയോടെ എംപിമാരായ ഷാഫി പറമ്പിലും വി.കെ ശ്രീകണ്ഠനും സ്ഥലത്തെത്തി. കള്ളപ്പണ ഇടപാടിലാണ് പരിശോധനയെന്നാണ് പൊലീസ് ആദ്യം പറഞ്ഞതെങ്കിലും തര്‍ക്കം മുറുകിയതോടെ പതിവ് പരിശോധനയെന്ന് നിലപാട് മാറ്റി. രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞാണ് അവസാനിച്ചത്. യൂണിഫോം ഇല്ലാതെയാണ് പൊലീസ് എത്തിയതെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും വനിതാ നേതാക്കള്‍ പറയുന്നു.

Signature-ad

അതിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ പലതവണ ഏറ്റുമുട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ട് എന്നായിരുന്നു സിപിഎം-ബിജെപി ആരോപണം. അതിനിടെ താന്‍ കോഴിക്കോട്ടാണെന്ന് അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് ലൈവിലെത്തി. കാന്തപുരത്തെ കാണുന്നതിനാണ് കോഴിക്കോട്ട് എത്തിയതെന്നും നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയാണെന്നും രാഹുല്‍ വിശദീകരിച്ചു

ഡീല്‍ ആരോപിച്ച് കോണ്‍ഗ്രസ്

പൊലീസിനൊപ്പം സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഒരുമിച്ച് റെയ്ഡിനെത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ഡീല്‍ ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം-ബിജെപി കൂട്ടുകെട്ട് തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പൊലീസ് പരിശോധനക്കെത്തിയതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇത്തരം റെയ്ഡുകള്‍ നടക്കേണ്ടത്. തങ്ങള്‍ അറിഞ്ഞിട്ട് പോലുമില്ലെന്നാണ് എഡിഎം എത്തിയപ്പോള്‍ പറഞ്ഞത്. സിപിഎം-ബിജെപി കൂട്ടുകെട്ട് ആസൂത്രിതമായി നടപ്പാക്കിയതാണ് റെയ്ഡ് എന്നും ഷാഫി ആരോപിച്ചു.

എ.എ റഹീമും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണയും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയാണ് റെയ്ഡ് എന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റെയ്ഡ് തടഞ്ഞിട്ടില്ല. ഒരു പരാതിയുമില്ലെന്നും റെയ്ഡില്‍ പണം കിട്ടിയിട്ടില്ലെന്നും പൊലീസ് തന്നെ പറഞ്ഞു. കേരളാ പൊലീസ് തന്റെ നിയന്ത്രണത്തിലല്ല. ഒരു പാര്‍ട്ടിക്കാരെപ്പോലെ എ.എ റഹീമും പ്രഫുല്‍ കൃഷ്ണയും ഒരുമിച്ചാണ് സമരം നയിച്ചതെന്നും രാഹുല്‍ ആരോപിക്കുന്നു.

കള്ളപ്പണം തന്നെ, അല്ലെങ്കില്‍ ഭയമെന്തിനെന്ന് സിപിഎം

കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന മുറിയില്‍ കള്ളപ്പണം സൂക്ഷിച്ചിരുന്നുവെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും എന്തിനാണ് കോണ്‍ഗ്രസ് റെയ്ഡിനെ ഭയക്കുന്നതെന്നുമാണ് ഇടത് നേതാക്കള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസില്‍നിന്ന് തന്നെ ചോര്‍ന്നുകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിന്‍ ആരോപിച്ചു. ഷാഫിയുടെ ‘മോഡസ് ഓപ്പറാന്‍ഡി’ കൃത്യമായി പൊളിക്കും. പണം വരാനുണ്ടെന്ന് രണ്ട് ദിവസം മുമ്പ് തന്നെ താന്‍ അറിഞ്ഞിരുന്നുവെന്നും സരിന്‍ പറഞ്ഞു.

രണ്ട് എംപിമാര്‍ ചേര്‍ന്ന് പൊലീസ് അന്വേഷണം അട്ടിമറിച്ചെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് യഥാര്‍ഥത്തില്‍ ഡീല്‍ ഉള്ളത്. അവരാണ് കള്ളപ്പണം വാങ്ങിയത്. ടി.വി രാജേഷിന്റെ മുറിയാണ് പൊലീസ് ആദ്യം പരിശോധിച്ചത്. തങ്ങള്‍ക്ക് അതില്‍ പരാതിയില്ല. കോണ്‍ഗ്രസ് കുളംകലക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. കള്ളപ്പണമില്ലെങ്കില്‍ പിന്നെ ഭയപ്പെടുന്നത് എന്തിനാണെന്ന് എം.ബി രാജേഷ് ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: