NEWSWorld

യു.എസില്‍ ട്രംപിന്റെ തേരോട്ടം, നിര്‍ണായക സംസ്ഥാനങ്ങള്‍ ഒപ്പം; പ്രസംഗം റദ്ദാക്കി കമല

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 247 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 210 വോട്ടുകള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേടാന്‍ കഴിഞ്ഞത്. യു.എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്. അതേസമയം കമലാ ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് വിജയത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും നാളെ (വ്യാഴാഴ്ച) അവര്‍ സംസാരിക്കുമെന്നും കമലയുടെ പ്രചാരണസംഘാംഗം സെഡ്രിക് റിച്മണ്ട് പറഞ്ഞു.

Signature-ad

നെബ്രാസ്‌കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ്. പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു. സെനറ്റില്‍ ചുരുങ്ങിയത് 51 സീറ്റുകള്‍ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചു. ഇതോടെ പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായക അധികാരവും കൈവന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: