CrimeNEWS

ബംഗളൂരുവില്‍ രാത്രി യാത്രക്കാരെ തടഞ്ഞ് അതിക്രമം; കാറിന് നേരെയുണ്ടായ കല്ലേറില്‍ മലയാളി ബാലന് പരുക്ക്

ബംഗളൂരു: രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ പതിവാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണു കവര്‍ച്ചാസംഘങ്ങള്‍ ചെയ്യുന്നത്. നല്‍കിയില്ലെങ്കില്‍ ആക്രമിക്കും. മനഃപൂര്‍വം അപകടങ്ങള്‍ സൃഷ്ടിച്ചു പണം തട്ടുന്ന സംഭവങ്ങളും കുറവല്ല. സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്, കാര്‍ യാത്രക്കാരായ മലയാളി കുടുംബത്തെ സ്‌കൂട്ടര്‍ യാത്രികന്‍ മര്‍ദിച്ചെന്ന പരാതിയുയര്‍ന്നതു 4 മാസം മുന്‍പാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ജാപുര റോഡില്‍ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിപ്പിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കസവനഹള്ളിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ 5 വയസ്സുകാരനു പരുക്കേറ്റു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീന്‍ കാസ്‌കേഡ് ലേഔട്ടില്‍ താമസിക്കുന്ന അനൂപ് ജോര്‍ജിനും കുടുംബത്തിനും നേരെയാണു ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. അനൂപിന്റെ മകന്‍ സ്റ്റീവിന്റെ തലയ്ക്കാണു പരുക്കേറ്റത്. ഷോപ്പിങ്ങിനു ശേഷം താമസസ്ഥലത്തേക്കു മടങ്ങവേ, കസവനഹള്ളി ചൂഡസന്ദ്രയില്‍ വച്ചാണ് ബൈക്കിലെത്തിയ 2 പേര്‍ കാര്‍ തടഞ്ഞത്. അനൂപിനെ കൂടാതെ ഭാര്യ ജിസ്, മക്കളായ സ്റ്റീവ്, സെലസ്റ്റ എന്നിവരാണു കാറിലുണ്ടായിരുന്നത്.

Signature-ad

അപരിചിതര്‍ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയ അനൂപ് കാര്‍ മുന്നോട്ടെടുകയായിരുന്നു. ഇതോടെ സംഘത്തിലെ ഒരാള്‍ കാറിന്റെ പിന്‍ഗ്ലാസിലേക്കു കല്ലെറിഞ്ഞു. ഗ്ലാസ് ചീളുകള്‍ തെറിച്ചാണു സ്റ്റീവിനു പരുക്കേറ്റത്. അനൂപിന്റെ പരാതിയില്‍ പാരപ്പന അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാളെ പൊലീസ് രാത്രി കസ്റ്റഡിയിലെടുത്തു. രണ്ടാമന്‍ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: