KeralaNEWS

ജീവിതത്തിലെ ത്രില്‍: ദിവ്യക്കു ജയിലില്‍ വിഐപി പരിഗണന, കളക്ടർ കള്ളം പറയുന്നു എന്ന് നവീൻ ബാബുവിന്റെ കുടുംബം

     കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗം ദിവ്യയ്ക്ക് വിഐപി പരിഗണനയാണ് ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ വനിതാ ജയിലിൽ പ്രത്യേക സെല്‍ ദിവ്യക്കായി സജ്ജീകരിച്ചു.

ജയിലില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സെല്ലാണ് ഇത്. ദിവ്യ റിമാന്‍ഡിലാവുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജയിലിലും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാനും അനുമതിയുണ്ട്.

Signature-ad

ബെഡ്, പുതപ്പ്, തലയിണ എന്നിവയും നല്‍കിയിട്ടുണ്ട്. ഭക്ഷണം ജയില്‍ മെനു അനുസരിച്ചിട്ടുള്ളതാണെങ്കിലും പ്രത്യേക ഭക്ഷണം എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കാനും സംവിധാനങ്ങളുണ്ട്. നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് റിമാന്‍ഡിലായ പിപി ദിവ്യ അചഞ്ചലമായ മനസോടെയാണ് ജയിലില്‍ കഴിയുന്നതെന്നാണ് വിവരം.

താനിതൊക്കെ ഒരു ത്രില്ലായി ആണ് കാണുന്നതെന്നാണ് ദിവ്യ തന്റെ സന്ദര്‍ശകരില്‍ ചിലരോട് പറഞ്ഞത്. നവീന്‍ ബാബു മരിച്ചത് അപ്രതീക്ഷിതമാണെങ്കില്‍ ഇതിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ വേട്ടയാണ് നടക്കുന്നതെന്നാണ് ദിവ്യയുടെ പക്ഷം

ഇതിനിടെ ചില പ്രമുഖ സി.പി.എം നേതാക്കള്‍ രഹസ്യമായി ജയിലിൽ അവരെ സന്ദര്‍ശിച്ചു. പാർട്ടി  നേതൃത്വം, ഔദ്യോഗികമായി പിന്തുണയ്ക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതിനിടെയാണ് നേതാക്കളുടെ രഹസ്യ ജയില്‍ സന്ദര്‍ശനം.

ഇവരില്‍ പലരും ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെന്ന വ്യാജേനെയാണ് എത്തുന്നത്. സിപിഎം നേതാക്കളായ ജില്ലാ പഞ്ചായത്തംഗങ്ങളും ജയിലില്‍ എത്തിയിരുന്നു.

തലശേരി സെഷന്‍സ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി ഇതു പരിഗണിക്കാൻ ഏതാണ്ട് ഒരാഴ്ചയോളമാകും എന്നാണ് വിവരം.

  ഈ വിഷയവുമായി ബന്ധപ്പെട്ട്  കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴി കള്ളമാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം. ‘ഒരു തെറ്റു പറ്റി’യെന്ന് നവീന്‍ ബാബു തന്നോടു പറഞ്ഞു എന്നാണ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ പൊലീസിനു നല്‍കിയ മൊഴി. ഇത് കെട്ടിച്ചമച്ചതാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും നവീന്റെ കുടുംബവും ആരോപിക്കുന്നു.

പക്ഷേ ഈ മാസം 14നു കലക്ടറേറ്റിലെ യാത്രയയപ്പു യോഗത്തില്‍ ദിവ്യ അധിക്ഷേപിച്ചു സംസാരിച്ചശേഷം, നവീന്‍ ബാബു കലക്ടറുടെ ചേംബറില്‍ പോയി 5 മിനിറ്റ് സംസാരിച്ചിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

  എഡിഎമ്മിന്റെ മരണശേഷം ആദ്യം സര്‍ക്കാരിനു സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളൊന്നും കളക്ടർ സൂചിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി.ഗീതയ്ക്കു നൽകിയ മൊഴിയിലും കലക്ടർ ഇക്കാര്യം പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് മൊഴിയെടുത്തത്.

പക്ഷേ നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന തരത്തില്‍ കലക്ടര്‍ നല്‍കിയിരിക്കുന്ന മൊഴി കേസില്‍ നിര്‍ണായകമാണ്.

Back to top button
error: