തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മള്‍ട്ടിസ്പെഷാലിറ്റി ബ്ലോക്കിലെ ശുചിമുറിയില്‍ സ്ത്രീ വസ്ത്രം മാറുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കേസില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസുദ്യോഗസ്ഥനെ തിരികെയെടുക്കാന്‍ ഉത്തരവായി. ചെങ്കല്‍ സ്വദേശിയും സിപിഒയുമായ പ്രിനുവിനെയാണ് വീണ്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്ത് ഉത്തരവായിരിക്കുന്നത്. അന്വേഷണ നടപടിക്കെതിരെ പ്രിനു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്കിയ കേസിനെത്തുടര്‍ന്നാണ് ഇയാള്‍ക്കനുകൂലമായി വിധി ഉണ്ടായിരിക്കുന്നത്.
ഉത്തരവ് ലഭിച്ച് പത്തുദിവസത്തിനുള്ളില്‍ ഇയാളെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവ്. പോസ്റ്റിങ്ങിനായി പ്രിനുവിനോട് ജില്ലാപോലീസ് മേധാവി മുന്‍പാകെ ഹാജരാകാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. 2023 ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ മൊബൈല്‍ഫോണില്‍ സ്ത്രീയുടെ ഫോട്ടോയെടുത്തതിനാണ് പ്രിനുവിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.
ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ജെറിയാട്രിക് വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ബന്ധുവിന് കൂട്ടിരിക്കാന്‍ എത്തിയ പ്രിനു ശുചിമുറിക്ക് പുറത്തുനിന്ന് വെന്റിലേറ്റര്‍ വഴി മൊബൈല്‍ ഫോണ്‍ കടത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ സമയം മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നു.
ശബ്ദം കേട്ട് യുവതി നിലവിളിച്ചതോടെ പ്രതി മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു. സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയതോടെ പ്രിനു ഫോണ്‍ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആളുകള്‍ പിടികൂടുകയായിരുന്നു.തുടര്‍ന്ന് ജീവനക്കാര്‍ ഫോണ്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ ചിത്രം കണ്ടെത്തുകയും ചെയ്തു. വയനാട് ജില്ലയില്‍ സിപിഒയായ പ്രിനു ഡെപ്യൂട്ടേഷനില്‍ സ്റ്റാച്യു ഗവ. പ്രസില്‍ ജോലിചെയ്യുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രിനുവിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
തുടര്‍ന്ന് അമ്പലവയല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തില്‍ പ്രിനു കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ഇയാളെ സര്‍വ്വീസില്‍ നിന്നുപിരിച്ചു വിടുകയായിരുന്നു. ഇതിനെതിരെയാണ് പ്രിനു കേരള അഡ്മിന്സ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചത്.