KeralaNEWS

പൂരം കലങ്ങിയത് തന്നെയെന്ന് പോലീസ് FIR; ഇങ്ങനെ ഉപദ്രവിക്കരുതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശ്ശൂര്‍: പൂരം കലങ്ങിയിട്ടില്ലെന്നും ആചാരപരമായ ഒരു കാര്യത്തിനും തടസമുണ്ടായില്ലെന്നും വെടിക്കെട്ട് അല്പം വൈകുകമാത്രമാണ് ചെയ്തതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണിത്. പൂരം തകര്‍ക്കാന്‍ ഗൂഢാലോചനയുണ്ടായെന്നും മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം നടന്നുവെന്നുമാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഈ മാസം മൂന്നിന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് പൂരം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പി.ജയരാജന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കാന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ഈ നിലപാടില്‍നിന്ന് മലക്കംമറിയുകയായിരുന്നു അദ്ദേഹം. ഇതിനുപിന്നാലെയാണിപ്പോള്‍ സംഭവത്തില്‍ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്ന സംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

Signature-ad

അന്വേഷണത്തിന്റെ പ്രഥമഘട്ടത്തില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. അന്വേഷണം വഴിമുട്ടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പോലീസിന്റെ ഇപ്പോഴത്തെ നടപടി. അലങ്കോലപ്പെടുത്തല്‍ സംബന്ധിച്ച് ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പരാതികളുടേയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ വിലയിരുത്തിയപ്പോള്‍ പൂരം അലങ്കോലമായെന്നാണ് മനസ്സിലാകുന്നതെന്നാണ് ഇന്‍സ്പെക്ടറുടെ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസത്തെ പരാമര്‍ശം വിവാദമായതോടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തത് മുഖം രക്ഷിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.

അതേസമയം പോലീസ് കേസെടുത്തതിനെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് രംഗത്തെത്തി. പൂരം നടത്തിയതിന് എഫ്.ഐ.ആര്‍ ഇട്ട് ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറൊരു മതവിഭാഗത്തിന്റെ പേരില്‍ ഇങ്ങനെ നടപടിയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ലോകപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നടത്താന്‍ ഒരു കൊല്ലം മുഴുവന്‍ ബുദ്ധിമുട്ടിയതിനുശേഷം കേസെടുക്കുക എന്നുപറയുന്നത് ലോകത്തെവിടെയും കേള്‍ക്കാത്ത കാര്യമാണ്. ഇതിനുപിന്നിലെ ലക്ഷ്യമെന്താണെന്ന് അങ്ങനെ ചെയ്തവരോട് ചോദിക്കണം. പൂരം അലങ്കോലമായിട്ടില്ലെന്ന് മുഖ്യമന്ത്രിതന്നെ പറയുന്നു. പിന്നെങ്ങനെയാണ് എഫ്.ഐ.ആര്‍ ഇട്ട് നടത്തിപ്പുകാരെ ഉപദ്രവിക്കുക പൂരം കഴിഞ്ഞ് മാസം ഇത്രയായിട്ടും തങ്ങള്‍ക്ക് ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആര് എന്തന്വേഷണം നടത്തിയാലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ട് നാളുകളായെങ്കിലും ഇന്നുവരെ ഒരു അന്വേഷണോദ്യോഗസ്ഥന്‍ പോലും തങ്ങളുടെ മൊഴിയെടുക്കാന്‍ എത്തിയിട്ടില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഐ.പി.സി 295 എ, 120 ബി, 153 വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

പൂരം കലങ്ങിയില്ല, വെടിക്കെട്ട് വൈകുകമാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പൂരദിവസം പോലീസ് വഴികള്‍ അടച്ചതോടെ തിരുവമ്പാടി വിഭാഗം രാത്രിയെഴുന്നള്ളിപ്പിന്റെ പഞ്ചവാദ്യം പകുതിയില്‍ നിര്‍ത്തി. ആനകളുടെ എണ്ണം ഒന്നാക്കി. അലങ്കാര ഗോപുരങ്ങളുടെ വിളക്കുകള്‍ അണച്ചു. ഇതിനു പുറമേയാണ് വെടിക്കെട്ട് വൈകിയത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ നഗരത്തില്‍ അരക്ഷിത അന്തരീക്ഷവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: