പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ചു. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നില്‍ വെച്ച ഫ്ലക്സാണ് കത്തിച്ചത്. പാലക്കാട്ട് ബിജെപിയില്‍ കനത്ത ഭിന്നത തുടരവെയാണ് ഫ്ലക്സ് കത്തിയ നിലയില്‍ കാണുന്നത്.
അതേസമയം, സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും പാലക്കാട് ബിജെപിയിലെ ഭിന്നതക്കു പരിഹാരമായില്ല. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. 70ലേറെ പേര് പങ്കെടുക്കേണ്ട യോഗത്തിന് 21 പേര് മാത്രമാണ് എത്തിയത്.
നഗരസഭ കൗണ്‍സിലമാരില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. സി. കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്നും നിര്‍ദേശം നല്കി. സി. കൃഷ്ണകുമാര്‍ പക്ഷവും ശോഭാ സുരേന്ദ്രന് പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.