KeralaNEWS

പമ്പ് തുടങ്ങാന്‍ വേണ്ടത് രണ്ട് കോടി; പ്രശാന്തന്റെ പണ സ്രോതസ് അന്വേഷിക്കാന്‍ ഇഡി എത്തും, ദിവ്യയും കുടുങ്ങും?

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ വെളിപ്പെടുത്തല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ചേക്കും. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു പിപി ദിവ്യ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന് ലൈസന്‍സിന് അപേക്ഷിച്ച ടിവി പ്രശാന്തന്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഒരു പെട്രോള്‍ പമ്പ് തുടങ്ങാന്‍ കുറഞ്ഞ ചെലവ് രണ്ട് കോടിയോളം വരും. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് ഇതിനുള്ള സാമ്പത്തികസ്രോതസ് എന്താണെന്ന് കണ്ടെത്തുന്നതിന് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായം ചെയ്താല്‍ അവരുടെ പങ്കിനെക്കുറിച്ച് ഇഡി അന്വേഷണം നടത്തണമെന്നാണ് വകുപ്പ് പറയുന്നത്. അതുകൊണ്ട് തന്നെ ദിവ്യയും ഇഡി അന്വേഷണ പരിധിയില്‍ വരും.

Signature-ad

അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിര്‍ബന്ധാവസ്ഥയില്‍ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്. ഇങ്ങനെ കൈക്കൂലി നല്‍കിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ അധികാരികളെ അറിയിക്കണം. അതുകൊണ്ട് കൈക്കൂലി നല്‍കിയതിന് പ്രശാന്തന്റെ പേരില്‍ മറ്റൊരു കേസും എടുക്കാം.

അതേസമയം, എഡിഎം നവീന്‍ ബാബു കൈക്കൂലി ചോദിച്ചിട്ടില്ലെന്നും അത്തരത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും റിട്ട. അദ്ധ്യാപകന്‍ കണ്ണൂര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഗംഗാധരന്‍ വെളിപ്പെടുത്തി. എഡിഎം അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാട്ടിയെന്നാണ് ഗംഗാധരന്‍ മുഖ്യമന്ത്രിക്ക് അടക്കം നല്‍കിയ പരാതിയിലുള്ളത്. അത് കണ്ണൂരിലെ ജനപ്രതിനിധികള്‍ക്കും നല്‍കിയിരുന്നു.

നവീന്‍ ബാബുവിന്റെ അഴിമതി സംബന്ധിച്ച് പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് ആക്ഷേപം ഉന്നയിച്ചിരുന്നെന്നും സെപ്തംബര്‍ നാലിന് പരാതി നല്‍കിയിട്ടുണ്ടെന്നും പിപി ദിവ്യ തലശേരി കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മാദ്ധ്യമങ്ങള്‍ക്കുമുന്നില്‍ ഗംഗാധരന്റെ വെളിപ്പെടുത്തല്‍.

 

Back to top button
error: