CrimeNEWS

ലഹരി കലര്‍ത്തിയ പ്രസാദം നല്‍കി ബലാത്സംഗം ചെയ്തു; പൂജാരിക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനി

ജയ്പ്പുര്‍: മയക്കുമരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി പൂജാരി ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെന്ന് കോളജ് വിദ്യാര്‍ഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ക്ഷേത്രപാല്‍ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്‌നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മണ്‍?ഗഢ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രപാല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ പോയപ്പോഴാണ് ഇരയായ പെണ്‍കുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെണ്‍കുട്ടിക്ക് ബാബ ബാലക്‌നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെണ്‍കുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെണ്‍കുട്ടിക്ക് പ്രസാദം നല്‍കാറുണ്ടായിരുന്നു.

Signature-ad

ഏപ്രില്‍ 12ന് പെണ്‍കുട്ടി ജുന്‍ജുനു- ജയ്പുര്‍ ബൈപാസിലെ കോളജില്‍ പരീക്ഷ എഴുതാന്‍ പോയി. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബാബ ബാലക്നാഥ് കാണുകയും വീട്ടിലേക്ക് കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, പൂജാരി പെണ്‍കുട്ടിക്ക് വണ്ടിയില്‍ വച്ചിരുന്ന പ്രസാദം നല്‍കുകയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കുമെന്ന് പറയുകയും ചെയ്തു. പ്രസാദം കഴിച്ചതോടെ താന്‍ ബോധരഹിതയായെന്ന് പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് കാറില്‍ വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പ്രസാദത്തില്‍ കലര്‍ത്തിയ മയക്കുമരുന്നിന്റെ കാഠിന്യം മൂലം എതിര്‍ക്കാന്‍ കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പൂജാരി തന്റെ വായ പൊത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബാബ ബാലക്നാഥിന്റെ ഡ്രൈവര്‍ യോഗേഷ് ബലാത്സംഗം വീഡിയോയില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പറഞ്ഞു. ഈ വീഡിയോ പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും പെണ്‍കുട്ടിയെ വീണ്ടും തങ്ങളുടെ അടുത്തെത്താന്‍ നിര്‍ബന്ധിച്ചു. സംഭവം ആരോടും പറയരുതെന്ന് ഇരുവരും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പെണ്‍കുട്ടി ഒടുവില്‍ ധൈര്യം സംഭരിച്ച് സംഭവം പൊലീസിനെ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു

പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗ് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികള്‍ ദൃശ്യങ്ങളുടെ ഒരു ഭാഗം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇത്തരം ക്രൂര പ്രവൃത്തികളില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയും ഇരകള്‍ക്ക് സംരക്ഷണവും നല്‍കണമെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 

Back to top button
error: