KeralaNEWS

തൃശ്ശൂർപൂരം വീണ്ടും പ്രതിസന്ധി: കേന്ദ്ര ഉത്തരവിലെ നിയന്ത്രണൾ  അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ. രാജൻ

    തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം പൂരത്തിനെതിരായ പരസ്യ വെല്ലുവിളി എന്ന് വിമർശനം. ഈ  ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ രം​ഗത്തെത്തി. ഒരു കാരണവശാലം അം​ഗീകരിക്കാൻ കഴിയാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു.

തേക്കിൻകാട് മൈതാനത്തെന്നല്ല, സ്വരാജ് റൗണ്ടിലെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം അശാസ്ത്രീയമായ നിർദേശങ്ങളാണു വിജ്ഞാപനത്തിൽ ഉള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമായും 35 നിയന്ത്രങ്ങളാണ്  പറഞ്ഞിട്ടുള്ളത്. ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാനാവും. എന്നാല്‍, 5 നിബന്ധനകള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

ഫയർലൈനിൽനിന്ന് 200 മീറ്റർ അകലെയാകണം മാഗസിൻ എന്ന നിബന്ധന വെടിക്കെട്ട് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാക്കും. 2008ലെ സ്ഫോടകവസ്തു നിയമത്തിൽ 45 മീറ്റർ എന്ന നിബന്ധനയാണുള്ളത്. ഇതു പുനഃസ്ഥാപിക്കണം. ഫയർലൈനിലെ ബാരിക്കേഡിൽനിന്നു വീണ്ടും 100 മീറ്റർ അകലെയേ ജനത്തെ നിർത്താവൂ എന്ന നിബന്ധന വന്നാൽ കാണികൾക്കു വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ വരും.

ഫയർലൈനും താൽക്കാലിക ഷെഡും തമ്മിൽ 100 മീറ്റർ അകലം വേണമെന്ന നിബന്ധനയാണു മറ്റൊരു വെല്ലുവിളി. വെടിക്കെട്ട് നടക്കുന്നിടത്ത് ഇരുമ്പ്, സ്റ്റീൽ വസ്തുക്കൾ പാടില്ലെന്ന നിബന്ധന അശാസ്ത്രീയമാണ്. വെടിക്കെട്ടിനുള്ള കുഴിയിൽ സ്ഥാപിക്കുന്ന കുഴൽ ഇരുമ്പിന്റേതാണ്. ഇതൊഴിവാക്കി എങ്ങനെ വെടിക്കെട്ടു നടത്തും…?

പുതിയ നിയമഭേദഗതിയനുസരിച്ച് കുറേക്കൂടി നീങ്ങിമാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങളുള്ള സ്ഥലമായതിനാൽ ഇത് സാധ്യവുമല്ല. ഇതിനാൽ ഈ നിയമഭേദഗതി നിലനിൽക്കുമ്പോൾ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തുക പ്രയാസമാണ്. വെടിക്കെട്ടിന് ആളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ പൂരത്തിന് പ്രശ്നങ്ങൾ ഉണ്ടായത്. അതൊരു രാഷ്ട്രീയ വിഷയമായി മാറുകയും ചെയ്തു.

പൂരം തകർക്കാൻ ശ്രമിക്കുന്നതാരാണെന്നു വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൃശൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടേതടക്കം കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധയിൽ വിഷയം കൊണ്ടുവരും. പ്രധാനമന്ത്രിക്കും പെട്രോളിയം വകുപ്പു മന്ത്രിക്കുമടക്കം പരാതി അയച്ചു.

വെടിക്കെട്ടിന്റെ കാര്യത്തില്‍ മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ ചർച്ച സംഘടിപ്പിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് പൊള്ളയായിരുന്നോ എന്ന കാര്യം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

Back to top button
error: