പാലക്കാട്: നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. കെ.സുരേന്ദ്രന്റെ പേരിനോട് വിയോജിക്കാതെ സി.കൃഷ്ണകുമാറും രംഗത്ത് വന്നു. അതേസമയം സ്ഥാനാര്‍ഥിയാകാന്‍ കെ. സുരേന്ദ്രന് സമ്മതമറിയിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെയടക്കം സമ്മര്‍ദം കൂടിയാല്‍ സുരേന്ദ്രന് സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ പൂര്‍ണസമയം കളത്തിലിറക്കാനും ബിജെപി നീക്കം നടത്തുന്നുണ്ട്. പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജയെ പ്രചാരണത്തിന് നിയോഗിക്കാനാണ് തീരുമാനം. പത്മജ മണ്ഡലത്തില്‍ താമസിച്ച് പ്രചാരണം നടത്തും. ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് ഡല്‍ഹിയില്‍ ഉണ്ടായേക്കും.
അതേസമയം, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ബിജെപിയില്‍ കടുത്ത ഭിന്നത തുടരുകയാണ്. കെ.സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുമ്പോള്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും നേതാക്കള്‍ക്കിടയില്‍ ഉയരുന്നുണ്ട്.