ന്യൂഡല്‍ഹി: ഭാര്യ ശാരീരിക ബന്ധത്തിന് വിസമ്മതിച്ചാല്‍ വിവാഹ മോചനം മാത്രമാണോ ഭര്‍ത്താവിന് മുന്നിലുള്ള പോംവഴിയെന്ന് ചോദിച്ച് സുപ്രീംകോടതി. വൈവാഹിക മാനഭംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ ഇന്നലെ വാദം കേള്‍ക്കല്‍ ആരംഭിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചോദ്യമുന്നയിച്ചത്.
ഭര്‍ത്താവിന് വേണമെങ്കില്‍ വിവാഹമോചനത്തിനായി പോകാമെങ്കിലും അടുത്തൊരു ദിവസത്തിനായി കാത്തിരിക്കാവുന്നതേയുള്ളുവെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷക കരുണാ നന്ദി മറുപടി നല്‍കി. പുരുഷനും സ്ത്രീയും തമ്മിലുള്ള തര്‍ക്കമായി ഈ വിഷയത്തെ കാണരുത്. പുരുഷാധിപത്യത്തിനെതിരായ പോരാട്ടമാണെന്നും അഭിഭാഷക വാദിച്ചു.
വൈവാഹിക മാനഭംഗക്കുറ്റത്തില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കുന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 375നോട് അനുബന്ധമായുളള വ്യവസ്ഥയെയാണ് സുപ്രീംകോടതിയിലെ ഹര്‍ജികളില്‍ ചോദ്യം ചെയ്യുന്നത്. സമത്വമെന്ന മൗലികാവകാശം ലംഘിക്കപ്പെടുന്നു എന്നതല്ലേ പ്രധാന പരാതിയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ‘നോ’ പറയാനുള്ള സ്ത്രീയുടെ അവകാശമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും, നിയമവ്യവസ്ഥ സ്ത്രീയെ ലൈംഗിക വസ്തുവായി ചുരുക്കിയിരിക്കുന്നുവെന്നും അഭിഭാഷക പ്രതികരിച്ചു.
വൈവാഹിക മാനഭംഗം കുറ്റകൃത്യമായി പ്രഖ്യാപിച്ചാല്‍ വിവാഹമെന്ന സംവിധാനത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും, ഹര്‍ജികള്‍ തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിവാഹമെന്നത് സ്വകാര്യമാണെന്നും, കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് അവിടെയും മാറ്റങ്ങളുണ്ടാകണമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 22ന് തുടരും.