തൃശൂര്‍: സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ് കോണ്‍ഗ്രസ് വിട്ട പി സരിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച വാദങ്ങളാണ് ഇപ്പോള്‍ സരിന്‍ പറഞ്ഞത്. തന്നെക്കുറിച്ച് സരിന്‍ പറഞ്ഞത് മന്ത്രി എം ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്നയാളെ എങ്ങനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നും വിഡി സതീശന്‍ ചോദിച്ചു.
‘ബിജെപിയുമായി സരിന്‍ ആദ്യം ചര്‍ച്ച നടത്തി. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് ശ്രമിച്ചു. പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു. ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്. അവര്‍ അനുകൂല സമീപനമാണ് നല്‍കിയത്. അതേത്തുടര്‍ന്നാണ് സരിന്‍ എന്നെക്കുറിച്ച് സിപിഎം നരേറ്റീവ് പറഞ്ഞത്. കഴിഞ്ഞ നിയമസഭയില്‍ സിപിഎം എംഎല്‍എമാരും മന്ത്രിയും നിയമസഭയില്‍ പറഞ്ഞകാര്യമാണ് സരിന്‍ ആവര്‍ത്തിച്ചത്’.
‘ഞാന്‍ അഹങ്കാരിയാണ്, ധാര്‍ഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞതിന് സഭയില്‍ തന്നെ മറുപടി നല്‍കിയതാണ്. അവര്‍ എന്നെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത്. അവര്‍ക്ക് ഒരാളെക്കുറിച്ച് പറയാന്‍ അതിയായ ആഗ്രഹമുണ്ട്. അടുത്തു ചെന്നാല്‍ കണ്ണുമിഴിച്ച് നോക്കും. കടക്കു പുറത്തെന്ന് പറയും. അയാളോട് എന്നെക്കുറിച്ച് പറഞ്ഞതെല്ലാം പറയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ നമ്മുടെ പാര്‍ട്ടിയുടേതുപോലെ പറയാന്‍ പറ്റില്ലല്ലോ. ഉള്ളില്‍ ആഗ്രഹമുണ്ടെങ്കിലും പറയാന്‍ ധൈര്യമില്ല. നിങ്ങള്‍ ഉദ്ദേശിച്ചത് ആരെക്കുറിച്ചാണെന്ന് എനിക്ക് വ്യക്തമായി അറിയാമെന്ന് മറുപടി നല്‍കിയതുമാണ്’. വി ഡി സതീശന്‍ പറഞ്ഞു.
സിപിഎമ്മില്‍ ചേരാന്‍ പോകുന്നയാളോട്, ഒരു മന്ത്രി പറഞ്ഞുകൊടുത്ത വാചകമാണ് പറഞ്ഞത്. അതില്‍ അപ്പുറത്തായി ഒന്നും കാണുന്നില്ല. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒരു സിസ്റ്റം ഉണ്ട്. മുതിര്‍ന്ന നേതാക്കളുമായെല്ലാം കൂട്ടായ ആലോചന നടത്തി, ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. സ്ഥാനാര്‍ത്ഥിയാകാന്‍ സരിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ഒരാളെ ഞങ്ങള്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വിഡി സതീശന്‍ ചോദിച്ചു. സരിന്‍ സിപിഎമ്മില്‍ പോകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്നലെ നടപടി എടുക്കാതിരുന്നത്. നടപടി എടുത്തിരുന്നെങ്കില്‍ അതിനാലാണ് സിപിഎമ്മിലേക്ക് പോയതെന്ന് വരുത്തിതീര്‍ത്തേനേയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.