തിരുവനന്തപുരം: സി.പി.ഐയ്ക്കെതിരായ സീറ്റ് കച്ചവട ആരോപണത്തില്‍ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം ആരോപണം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സി.പി.ഐ അറിയിച്ചു. അഡ്വ. എം സലാഹുദ്ദീന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
അതേസമയം, വക്കീല്‍ നോട്ടീസിനെക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വരുമ്പോള്‍ നോക്കാമെന്നും പി.വി അന്‍വര്‍ മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു. ആലപ്പുഴയില്‍ പി.വി അന്‍വര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ചത്. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സീറ്റ് കച്ചവടം നടത്തിയെന്നാണ് അന്‍വര്‍ ആരോപിച്ചത്. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ. മുസ്ലിം ലീഗിന് വിറ്റു. സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാര്‍ഗവനെയാണെന്നും അന്‍വര്‍ ആരോപിച്ചു. സി.പി.ഐ. നേതാക്കള്‍ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
വെളിയം ഭാര്‍ഗവനെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ അന്‍വറിന് എന്തു യോഗ്യതയാണ് ഉള്ളതെന്നുമായിരുന്നു ആരോപണത്തിന് മറുപടിയായി ബിനോയ് വിശ്വം പ്രതികരിച്ചത്. അതിനു പിന്നാലെയാണ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.