തിരുവനന്തപുരം: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കി’ -ജനറല്‍ സെക്രട്ടറി എം.ലിജു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്നു സരിന്‍. ഉപതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സരിന്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്നാണ് ഇന്നലെ സരിന്‍ പരസ്യമായി ആവശ്യപ്പെട്ടത്.
‘എനിക്കു ശേഷം ഇന്നയാള്‍ എന്ന രീതിയില്‍ സ്ഥാനാര്‍ഥിത്വം തീരുമാനിക്കാന്‍ പാടില്ല. ഒരാളുടെ താല്‍പര്യത്തിനു മാത്രമായി പാര്‍ട്ടി നിന്നുകൊടുക്കരുത്. രാഹുലാണു യോജ്യനെന്നു പാര്‍ട്ടി ബോധ്യപ്പെടുത്തിയാല്‍ പ്രശ്‌നം തീര്‍ന്നു’ സരിന്‍ വ്യക്തമാക്കി. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയ സിപിഎം, സരിന്‍ പാര്‍ട്ടിവിട്ടു വന്നാല്‍ സ്വീകരിക്കാമെന്ന നിലപാടിലാണ്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കും.