IndiaNEWS

ഗോശാല വൃത്തിയാക്കി അവിടെ കിടന്നാല്‍ ക്യാന്‍സര്‍ മാറും! പശുവിന്റെ പുറത്ത് തലോടിയാലും ഗുണമുണ്ടെന്ന് യുപി മന്ത്രി

ലക്നൗ: ഗോശാല വൃത്തിയാക്കി അതില്‍ കിടന്നാല്‍ ക്യാന്‍സര്‍ മാറുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗംഗ്വാര്‍. പശുവിന്റെ പുറത്ത് തലോടുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ നൗഗാവ പക്കാഡിയയില്‍ കന്ഹ ഗോശാലയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രിയുടെ വിചിത്ര പ്രസ്താവന.

ദിവസം രണ്ട് തവണ പശുവിന്റെ പുറത്ത് തടവിയാല്‍ പത്ത് ദിവസത്തിനുള്ള മരുന്നിന്റെ ഡോസ് പകുതിയായി കുറയ്ക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉണക്ക ചാണകം കത്തിക്കുന്നത് കൊതുകുകളെ തുരത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

‘രക്ത സമ്മര്‍ദ്ദമുള്ള രോഗികളേ, ഇവിടെ പശുക്കള്‍ ഉണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിന്റെ പുറത്ത് തലോടുക. രക്തസമ്മര്‍ദ്ദത്തിനുള്ള 20 മില്ലിഗ്രാം മരുന്നാണ് കഴിക്കുന്നതെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ അത് പകുതിയായി കുറയും,’ ഗാംഗ്വാര്‍ പറഞ്ഞു.

‘ക്യാന്‍സര്‍ രോഗികള്‍ ഗോശാല വൃത്തിയാക്കി അവിടെ കിടന്നോളൂ. ക്യാന്‍സര്‍ ഭേദമാകും. ഉണക്കിയ ചാണകം കത്തിക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും. പശു ഉത്പാദിപ്പിക്കുന്ന എല്ലാം ഉപയോഗപ്രദമാണ്.’- മന്ത്രി പറഞ്ഞു.

തങ്ങളുടെ വയലുകളില്‍ കയറുന്ന കന്നുകാലികളെക്കുറിച്ചുള്ള കര്‍ഷകരുടെ ആശങ്കയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പശുക്കളോടുള്ള ബഹുമാനക്കുറവാണ് പ്രശ്‌നത്തിന് കാരണമായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനവുമൊക്കെ പശു സംരക്ഷണ കേന്ദ്രങ്ങളില്‍ ആഘോഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: