Social MediaTRENDING

സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാപ്പൂക്കള്‍ വയ്ക്കണം; സ്‌നേഹയുടെ അവസാന വാക്കുകള്‍ നൊമ്പരമാകുന്നു

ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ മരിച്ച സഹോദരി പുത്രിയുടെ അവസാനകാല ആഗ്രഹങ്ങള്‍ പങ്കുവച്ച് ബന്ധു. ഷാജി കെ മാത്തന്‍ എന്ന വ്യക്തിയാണ് 26കാരിയായ സ്‌നേഹ അന്ന ജോസിന്റെ ആഗ്രഹങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മരിച്ചാല്‍ പത്രത്തില്‍ കൊടുക്കേണ്ട ഫോട്ടോയും ഫ്‌ലക്‌സില്‍ വയ്‌ക്കേണ്ട ഫോട്ടോയും മുന്‍കൂട്ടി പറഞ്ഞിട്ടാണ് സ്‌നേഹ യാത്രയായത്. പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കള്‍ വേണമെന്നും സ്‌നേഹ പറഞ്ഞതായി കുറിപ്പില്‍ പറയുന്നു.

രണ്ട് തവണ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടും സ്‌നേഹയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇനി തിരിച്ച് വരില്ലെന്ന് ഉറപ്പായതോടെ സ്‌നേഹ തന്റെ അവസാന ആഗ്രഹങ്ങളെക്കുറിച്ച് പറയുകയായിരുന്നുവെന്നും ഷാജി പറയുന്നു. എഞ്ചിനിയറിംഗ് പഠനം അവസാന വര്‍ഷമെത്തിയപ്പോഴാണ് യുവതിയുടെ അസുഖം തിരിച്ചറിഞ്ഞത്. രോഗബാധിതയായിട്ടും സ്‌നേഹ പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി.

Signature-ad

വസ്തു വിറ്റോ കടം വാങ്ങിയോ തന്നെ ചികിത്സിക്കാന്‍ അവള്‍ വീട്ടുകാരോട് പറഞ്ഞു. ജോലി കിട്ടുമ്പോള്‍ വീട്ടാമെന്ന ആത്മവിശ്വാസം സ്‌നേഹയ്ക്കുണ്ടായിരുന്നു. മജ്ജ മാറ്റിവയ്ക്കലിന് ശേഷം ജീവിതം വീണ്ടും പഴയ പോലെയായി. ആഗ്രഹിച്ച ജോലി സ്‌നേഹ സ്വന്തമാക്കി. പക്ഷേ രണ്ടര വര്‍ഷം കഴിഞ്ഞതോടെ അതേ അസുഖം വീണ്ടും സ്‌നേഹയെ തേടി വന്നു. രണ്ടാമതും മജ്ജ മാറ്റിവച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ഫോട്ടോ വേണം പത്രത്തില്‍ കൊടുക്കുവാന്‍….

ഇത് എന്റെ സ്‌നേഹമോള്‍..
എന്റെ സഹോദരി ഷീജയുടെ ഒരേയൊരു മകള്‍..
സ്‌നേഹയെന്ന പേര് തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്‌നേഹവും, അച്ചടക്കവും, വിനയവുമുള്ളവള്‍.
പത്താംതരം വരെ പഠനത്തില്‍ മെല്ലെപ്പോക്ക്.
പിന്നീടവള്‍ സ്വപ്നം കാണുവാന്‍ തുടങ്ങി..
11, 12 ല്‍ മികച്ച മാര്‍ക്കുകള്‍,
എഞ്ചിനിയറിംഗ് അവസാന വര്‍ഷമെത്തുമ്പോള്‍ അസുഖബാധിതയായിട്ടും 90% ലധികം മാര്‍ക്ക് .
അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവള്‍ പുഞ്ചിരിച്ചു.
ഗൂഗിളില്‍ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ? ജോലി കിട്ടുമ്പോള്‍ ഞാന്‍ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവച്ചു…
ശേഷം അവള്‍ സ്വപ്നം കണ്ട ചെറിയ ജോലിയില്‍ കയറി .
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോള്‍
രണ്ടര വര്‍ഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…
ചില ക്യാന്‍സറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവച്ചു..
അവള്‍ക്കായി എല്ലാ ചികിത്സകളും ചെയ്തു
ഇന്നിപ്പോള്‍ എല്ലാം വിഫലം..

ഇനിയും കുറച്ച് ആഗ്രഹങ്ങള്‍ ബാക്കിയുണ്ട്.

പത്രത്തില്‍ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..
ഫ്‌ലക്‌സ് വെക്കുകയാണങ്കില്‍ ഈ ഫോട്ടോ തന്നെ വേണം..
പുതിയ സെറ്റ് ഉടുപ്പിക്കണം..
ചുറ്റും റോസാ പൂക്കള്‍ വേണം..

ഇനി ഞങ്ങള്‍ക്ക് ചെയ്തു തീര്‍ക്കുവാന്‍ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ മാത്രം..

ധാരാളം മെസേജുകളും, വിളികളും വരുന്നതിനാല്‍
വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാന്‍ പലപ്പോഴും കഴിയാറില്ല…
ക്ഷമിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: