Lead NewsNEWS

ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെ വാഹനവ്യൂഹത്തെ അതിര്‍ത്തിയില്‍ തടഞ്ഞു

നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ചെന്നൈയിലേക്ക് തിരിച്ച അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ വാഹനവ്യൂഹത്തെ അതിര്‍ത്തിയില്‍ തടഞ്ഞ് പോലീസ്. തമിഴ്‌നാട് അതിര്‍ത്തിയായ കൃഷണഗിരിയിലാണ് തടഞ്ഞത്.

നൂറു വാഹനങ്ങളുടെ അകമ്പടിയോടെ വന്നതിനാല്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ എന്ന് പോലീസ് പറഞ്ഞു. മാത്രമല്ല അണ്ണാഡിഎംകെ പതാക വാഹനത്തില്‍ നിന്ന് അഴിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്ന് അണ്ണാഡിഎംകെ പതാകയുളള മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാറില്‍ ചെന്നൈയിലേക്ക് പോയി. ശശികലയുടെ കാറില്‍ അണ്ണാഡിഎംകെ പതാക ഉപയോഗിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു.

Signature-ad

അതേസമയം, കൃഷ്ണഗിരിയില്‍ ടോള്‍ ഗേറ്റിന് സമീപം രണ്ട് കാറുകള്‍ക്ക് തീ പിടിച്ചു. സ്വീകരണ റാലിക്ക് എത്തിയ കാറുകള്‍ക്കാണ് തീപിടിച്ചത്. അതേസമയം, ശശികലയുടെ യാത്രയ്ക്ക് വന്‍സ്വീകരണവും കനത്ത സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത് അതിര്‍ത്തി മുതല്‍ 37 സ്ഥലങ്ങളില്‍ ശശികലയ്ക്ക് സ്വീകരണമുണ്ട്.

അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി
ജനുവരി 27നായിരുന്നു ശശികലയ്ക്ക് ജാമ്യം ലഭിച്ചത്. കോവിഡ് ബാധിച്ചതിനാല്‍ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് 63കാരിയായ ശശികല ജയിലിലായത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991- 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എന്‍ സുധാകരനെയും കോടതി ശിക്ഷിച്ചത്.

ജനുവരി 20നാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബോവ്‌റിങ് ആശുപത്രിയിലേക്കും പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ചിന്നമ്മ എന്ന് വിളിക്കപ്പെടുന്ന ശശികല, ജയലളിതയുടെ മരണത്തെ തുടര്‍ന്ന് 2016 ഡിസംബറിലാണ് എ ഐ എ ഡി എം കെയുടെ നേതൃത്വം ഏറ്റെടുത്തത്. പിന്നീട് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശശികലയെ പുറത്താക്കി. മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ചെന്നൈയില്‍ ശശികല എത്തുമെന്നാണ് വിവരം. ചെന്നൈയിലെത്തിയാല്‍ ആദ്യ നടപടി മറീനയിലെ ജയലളിത സ്മാരകം സന്ദര്‍ശനമായിരിക്കും.

Back to top button
error: