Lead NewsNEWS

വൈറ്റമിൻ എ കിട്ടാനില്ല: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ  ഉത്തരവ് 

തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള വൈറ്റമിൻ എ മരുന്നിനുള്ള ക്ഷാമം പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര റിപ്പോർട്ട് തേടി. നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന്   കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. 

ജനിച്ച് 9 മാസം മുതൽ 5 വയസു വരെ നൽകേണ്ടതാണ് വൈറ്റമിൻ  എ മരുന്ന്. നിരവധി രക്ഷകർത്താക്കൾ ദിവസേനെ മരുന്നിന് വേണ്ടി അലയുന്നുണ്ട്. നിലവിൽ ഒരു ആശുപത്രിയിലും   മരുന്ന് സ്റ്റോക്കില്ലെന്നാണ് പറയുന്നത്. എസ്.  എ റ്റി ആശു‌പത്രിയിൽ  ഡിസംബറിലാണ് അവസാനം മരുന്ന് നൽകിയത്.  കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി കഴിഞ്ഞ വർഷം എത്തിച്ച 3 ബാച്ച് മരുന്നിന് ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.

ജനുവരി 8 ന് ജില്ലാ മെഡിക്കൽ ഓഫീസിന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ 7300 ബോട്ടിൽ മരുന്ന്  കൈമാറിയെങ്കിലും വിതരണം തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. 

Back to top button
error: