KeralaNEWS

ഫോണ്‍ ചോര്‍ത്തി, മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കറുകച്ചാല്‍ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. എല്‍ഡിഎഫ് വിട്ട അന്‍വര്‍ ഇന്ന് നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് പൊലീസ് കേസെടുത്തത്. അന്‍വറിനെതിരെ മുന്‍പ് ഉയര്‍ന്ന ആരോപണങ്ങളില്‍ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നതിന്റെ സൂചനയായി കേസ്.

പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ പി.വി.അന്‍വര്‍ ശ്രമിച്ചു എന്നാണ് പരാതി. ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ” പൊതുസുരക്ഷയെ ബാധിക്കത്ത വിധത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കടന്നു കയറി ചോര്‍ത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു”എഫ്‌ഐആറില്‍ പറയുന്നു.

Signature-ad

മലപ്പുറം മുന്‍ എസ്പി സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അന്‍വര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് സുജിത് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ അന്ന് അന്‍വറിനെതിരെ കേസെടുത്തിരുന്നില്ല. എല്‍ഡിഎഫില്‍നിന്ന് പുറത്തുപോയതിനു പിന്നാലെയാണ് കേസെടുത്തത്.

പി.വി.അന്‍വറും ആരോപണവിധേയനായ എഡിജിപി എം.ആര്‍.അജിത്കുമാറും ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തലില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെയാണു സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എഡിജിപി മുഖ്യമന്ത്രി ഉള്‍പ്പെടെ പലരുടെയും ഫോണ്‍ ചോര്‍ത്തിയെന്നും ഇതിനു മറുപടിയായി താന്‍ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍ ചോര്‍ത്തിയെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലാണ് ആരോപിച്ചത്.

Back to top button
error: