NEWSWorld

ഹിസ്ബുല്ല മേധാവിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍; പരമോന്നത നേതാവ് രഹസ്യകേന്ദ്രത്തില്‍

ടെഹ്‌റാന്‍: തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ (85) രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേല്‍ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും ഇറാന്റെ പിന്തുണയുണ്ട്. ടെഹ്‌റാന്‍ സന്ദര്‍ശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചത്തെ ബോംബാക്രമണങ്ങള്‍ക്കു പിന്നാലെ ബെയ്‌റൂട്ടില്‍ ഇറാന്റെ വിമാനമിറങ്ങുന്നത് ഇസ്രയേല്‍ വിലക്കിയിരുന്നു.

അതേസമയം, നസ്‌റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചു.
ഹസന്‍ നസ്‌റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Signature-ad

ഇറാനും ഹിസ്ബുല്ലയ്ക്കും കനത്ത തിരിച്ചടിയേകിയാണ് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ (64) ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഹിസ്ബുല്ല നേതൃനിരയില്‍ ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന നേതാവാണ് ഹസന്‍ നസ്‌റല്ല. കഴിഞ്ഞ ദിവസത്തെ അക്രമണത്തില്‍ സതേണ്‍ ഫ്രന്റ് കമാന്‍ഡര്‍ അലി കര്‍ക്കി അടക്കം ഉന്നത നേതാക്കളെയും വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇറാന്‍ സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡറായ അബ്ബാസ് നില്‍ഫറോഷാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഹിസ്ബുല്ല മേധാവിയുടെ മകള്‍ സൈനബ് നസ്‌റല്ലയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 3 ദശകത്തിലേറെയായി ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്കും പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്‌റല്ലയുടെ കൊലപാതകം.

2023 ഒക്ടോബര്‍ 7നു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തെ തുടര്‍ന്നാണു ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ഗാസയ്ക്കു പിന്തുണയുമായി ഹിസ്ബുല്ല രംഗത്തെത്തിയതോടെ സംഘര്‍ഷം ലബനനിലേക്കും വ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മേഖലയിലെ 6 പാര്‍പ്പിടസമുച്ചയങ്ങളില്‍ ഇസ്രയേല്‍ ഉഗ്രശക്തിയുള്ള 80 ബോംബുകളാണിട്ടത്. 11 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

നൂറിലേറേപ്പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ തിരച്ചില്‍ തുടരുകയാണ്. ഇന്നലെയും ബെയ്‌റൂട്ടിലെ ജനവാസമേഖലയില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടര്‍ന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ലബനനില്‍ 720 പേരാണു കൊല്ലപ്പെട്ടത്. ഗാസയ്ക്കും ലബനനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു ഹിസ്ബുല്ല വ്യക്തമാക്കി.

 

 

Back to top button
error: