തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രന്‍ മാറുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ. കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രന്‍, തോമസ് കെ.തോമസ് എംഎല്‍എ എന്നിവര്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയെ കാണാനിരുന്നതാണെങ്കിലും പിണറായിയുടെ തിരക്ക് മൂലം അതിനു സാധിച്ചില്ല. പിബി യോഗത്തിനുശേഷം 29നേ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തൂ. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടു ചര്‍ച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നു നേതാക്കളോടും നിര്‍ദേശിച്ചത്. ശശീന്ദ്രന് തന്നെ നീക്കുന്നതിനോട് യോജിപ്പില്ല. തനിക്കൊപ്പം നില്‍ക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടെന്നു വന്നാല്‍ തീരുമാനം സിപിഎം നീട്ടുമെന്ന് ശശീന്ദ്രന്‍ കരുതുന്നു. ശരദ് പവാറിന്റെയും പി.സി.ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്ന് തോമസ് കെ.തോമസും പ്രതീക്ഷിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന ശശീന്ദ്രന്‍ ഒഴിയണമെന്നാണ് തോമസ് കെ.തോമസിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല. ശശീന്ദ്രനെ അനുകൂലിച്ചിരുന്ന പി.സി.ചാക്കോ തോമസിനൊപ്പമായതോടെയാണ് മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവമായത്.