തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ നിര്‍ദേശിക്കാതെ എഡിജിപി എം.ആര്.അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അന്നത്തെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച വന്നതായി റിപ്പോര്‍ട്ടിലുണ്ടെങ്കിലും നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നാണ് സൂചന. പൂരം നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ശുപാര്‍ശകളായി ഉള്ളത്.
പൂരം നടത്തിപ്പിലെ വിവാദങ്ങളെ തുടര്‍ന്ന്, കമ്മിഷണറായിരുന്ന അങ്കിത് അശോകനെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാറ്റിയിരുന്നു. കമ്മിഷണര്‍ക്ക് വീഴ്ച വന്നതായി എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. പ്രശ്നങ്ങള്‍ക്കു കാരണം അന്ന് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമായിരുന്നുവെന്നാണ് ഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. റേഞ്ച് ഡിഐജിയും ഉത്തരമേഖലാ ഐജിയും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ല. കമ്മിഷണര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും ചോദ്യം ഉയരും. ഇതൊഴിവാക്കാനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കിയതെന്നാണ് സൂചന.
പൂരത്തിന്റെ മുന്നൊരുക്ക യോഗങ്ങളില്‍ ഏകപക്ഷീയ തീരുമാനങ്ങളെടുത്തു, ദേവസ്വങ്ങളെ വിശ്വാസത്തിലെടുത്തില്ല, പരാതികളില്‍ കൃത്യമായി ഇടപെട്ടില്ല എന്നിവയടക്കമുള്ള വീഴ്ചകളാണ് അങ്കിത്തിനെതിരെ റിപ്പോര്‍ട്ടിലുള്ളത്. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ തൃശൂരില്‍ താമസിച്ചു രാവിലെ തന്നെ അവിടേക്കു പോയി എന്നാണ് എഡിജിപി മുന്‍പ് ഡിജിപിയെ അറിയിച്ചിരുന്നത്. ഡിഐജി അജിതാ ബീഗത്തെ കമ്മിഷണര്‍ അങ്കിത് വിവരങ്ങള്‍ അറിയിച്ചിരുന്നോ എന്നതിലും വ്യക്തതയില്ല.
ഏകദേശം 1500 പേജുള്ള റിപ്പോര്‍ട്ടില്‍ അധികവും പൂരത്തിനു പതിവായി ഒരുക്കുന്ന സുരക്ഷാ വിന്യാസങ്ങളുടെ വിവരങ്ങളും ചിത്രങ്ങളുമാണ്. പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലും ഉണ്ടായിട്ടുണ്ടെന്നാണ് സിപിഐ നിലപാട്.