കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇരുനേതാക്കളും കേസില്‍ വിചാരണ നേരിടണം. ജയരാജനും രാജേഷിനും എതിരെ സിബിഐ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരുടെയും വിടുതല്‍ ഹര്‍ജിക്കെതിരെയുള്ള ഷുക്കൂറിന്റെ മാതാവിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
കൊലപാതകത്തില്‍ ജയരാജനും രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ചൂണ്ടിക്കാട്ടി. 28 മുതല്‍ 33 വരെ പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ തെളിവുണ്ട്.
അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നായിരുന്നു ആത്തിക്ക ആവശ്യപ്പെട്ടത്. ജയരാജന്റെയും രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ അറിയിച്ചു.