കണ്ണൂര്‍: ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്ക്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വര്‍ഷത്തിനുശേഷം ഇ.പി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന് ഡല്‍ഹിക്ക് പോയത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ സര്‍വീസ് ഇ.പി ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്.
2022 ജൂണ്‍ 13നാണ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി.ജയരാജന് സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.
ഇന്‍ഡിഗോ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തേക്കു തടഞ്ഞ ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ഇന്‍ഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ജയരാജന് പ്രഖ്യാപിച്ചു. കണ്ണൂരിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ ആയിരുന്നു അന്ന് പ്രധാനമായി സര്‍വീസ് നടത്തിയിരുന്നത്. മറ്റു വിമാനങ്ങളില്ലാത്തതിനാല്‍ ജയരാജന്റെ യാത്ര പിന്നീട് ട്രെയിനിലായി. ഇന്‍ഡിഗോ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് ഇ.പി പിന്നോട്ടു പോയില്ല. മാസങ്ങള്‍ക്കുശേഷം എയര്‍ ഇന്ത്യ തിരുവനന്തപുരം -കണ്ണൂര്‍ സര്‍വീസ് ആരംഭിച്ചതോടെയാണ് വീണ്ടും ജയരാജന് വിമാനത്തില്‍ ഈ റൂട്ടില്‍ സഞ്ചരിച്ച് തുടങ്ങിയത്.