തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍ വാര്‍ഡുകള്‍ വൃത്തിയാക്കലിന്റെ പേരില്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോപണം. വര്‍ഷാവര്‍ഷം നടത്തുന മൂട്ട,പാറ്റ നിര്‍മാര്‍ജനത്തിന്റെ ഭാഗമായാണ് വാര്‍ഡുകളില്‍ ശുചീകരണം. പേവാര്‍ഡുകളില്‍ ചികിത്സയില്‍ കഴിഞ്ഞവരെ ഡിസ്ചാര്‍ജ് ചെയ്ത് പറഞ്ഞുവിട്ടെന്നാണ് പരാതി. കഴിഞ്ഞ 30 മുതലാണ് വാര്‍ഡുകളിലെ മൂട്ടശല്യം ഒഴിവാക്കാന്‍ ശുചീകരണം തുടങ്ങിയത്. ഇതിനകം രണ്ടു വാര്‍ഡുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഈ മാസം 23 വരെ മൂട്ടകളെ നശിപ്പിക്കല്‍ തുടരും. ജനറല്‍, പേവാര്‍ഡുകളില്‍ ഉള്‍പ്പെടെയാണ് വൃത്തിയാക്കല്‍. ജനറല്‍ വാര്‍ഡുകളില്‍ ഉള്ളവരെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റിയാണ് വൃത്തിയാക്കലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിന്റെ പേരില്‍ ആരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. പേ വാര്‍ഡുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് പോകാന്‍ താല്പര്യമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്ത് അയയ്ക്കും. അല്ലാത്തവരെ മറ്റു വാര്‍ഡുകളില്‍ കിടത്തി ചികിത്സ നല്‍കും. പേ വാര്‍ഡില്‍ ഉള്ളവര്‍ തിരിച്ച് വരുമ്പോള്‍ അതേ റൂം തന്നെ നല്‍കും. വീട്ടില്‍ പോകാന്‍ താല്പര്യമില്ലാത്തവര്ക്ക് സൗകര്യം ഒരുക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.