KeralaMovie

മമ്മൂട്ടിയുടെ 2 ചിത്രങ്ങൾ, ‘പാലേരി മാണിക്യ’വും ‘വല്യേട്ട’നും നൂതന സാങ്കേതിക വിദ്യകളോടെ വീണ്ടും തിയേറ്ററുകളിലേക്ക്

    മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘വല്യേട്ടൻ’ 25 വർഷങ്ങൾക്കു ശേഷവും അതുല്യ പ്രകടനം കൊണ്ട്  മമ്മൂട്ടി മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ ‘പാലേരി മാണിക്യം’ 15 വർഷങ്ങൾക്കു ശേഷവും തീയേറ്ററുകളിലെത്തുന്നു. സെപ്റ്റംബർ 20 നാണ് ‘പാലേരി മാണിക്യം’ എത്തുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം 4 കെ അറ്റ്മോസ് സാങ്കേതിക വിദ്യയിൽ പുനർനിർമ്മിച്ച് പ്രദർശിപ്പിക്കുന്നത് പ്രേക്ഷകർക്ക് അവിസ്മരണീയ കാഴ്ചയാകും.

2009-ൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം’ സംസ്ഥാന അവാർഡുകൾ നേടി മലയാള സിനിമയിൽ ചരിത്രം രചിച്ചിരുന്നു. മമ്മൂട്ടി 3 വ്യത്യസ്ത കഥാപാത്രങ്ങളെ  അതിമനോഹരമായി അവതരിപ്പിച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതോടെ മമ്മൂട്ടിയുടെ അഭിനയ പ്രതിഭയ്ക്ക് മറ്റൊരു തെളിവായി.

Signature-ad

മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും ഈ ചിത്രത്തിലൂടെ കരസ്ഥമാക്കി. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ എന്നിവരടക്കമുള്ള പ്രമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മനോജ് പിള്ളയുടെ ഛായാഗ്രഹണവും ശരത്, ബിജിബാൽ എന്നിവരുടെ സംഗീതവും ചിത്രത്തിന്റെ മികവിന് മാറ്റുകൂട്ടി.

 മമ്മൂട്ടിയുടെ ജൻമദിനമായ ഇന്നലെ ‘വല്യേട്ടൻ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. അനുജന്മാര്‍ക്കു വേണ്ടി ചങ്കുപറിച്ച് നല്‍കുന്ന ‘വല്യേട്ട’നായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഒരിക്കല്‍കൂടി തിയേറ്ററുകളിൽ എത്തുന്നു. 25 വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം പുതിയ കാലത്ത് 4 കെ ഡോള്‍ബി അറ്റ്‌മോസ്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റീ റിലീസ് ചെയ്യുന്നത്. ഈ മാസം തന്നെ റിലീസിനെത്തുന്ന ചിത്രം മാറ്റിനി നൗ തിയേറ്ററുകളിലെത്തിക്കും.

നരസിംഹത്തിനു ശേഷം ഷാജി കൈലാസ്- രഞ്ജിത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമാണ് വല്യേട്ടന്‍. 2000ത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റായിരുന്നു. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടി-ഷാജി കൈലാസ് ടീം വീണ്ടും എത്തിയത് വല്യേട്ടനിലൂടെയാണ്.

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിലുട നീളം മമ്മൂട്ടി ആരാധകര്‍ക്കായുള്ള വണ്‍മാന്‍ ഷോയാണെങ്കിലും സായ് കുമാര്‍, എന്‍.എഫ് വര്‍ഗീസ്, സിദ്ദിഖ്, മനോജ് കെ. ജയന്‍, സുധീഷ്, വിജയകുമാര്‍, ഇന്നസെന്റ്, കലാഭവന്‍ മണി, പൂര്‍ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റന്‍ രാജു തുടങ്ങിയ വലിയൊരു താരനിരയും അകമ്പടിയായുണ്ട്. ശോഭനയാണ് ചിത്രത്തിലെ നായിക. ഗാനങ്ങള്‍: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രാജാമണി, ചായാഗ്രഹണം: രവിവര്‍മ്മന്‍, എഡിറ്റിങ്്: എല്‍. ഭൂമിനാഥന്‍.

വാഴൂർ ജോസ്.

Back to top button
error: