കഴിഞ്ഞ 4 ദിവസം കുടിവെള്ളം ലഭിക്കാതെ നരകയാതന അനുഭവിക്കുകയായിരുന്നു തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ. ഒടുവിൽ പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ അർദ്ധരാത്രിയോടെയാണ് ജലവിതരണം പുനഃരാരംഭിച്ചത്.
ഈ അനാസ്ഥയെ ശക്തമായി വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എയും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ വി.കെ പ്രശാന്ത് രംഗത്തു വന്നു. മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ വിമർശിച്ചു. ജലവിതരണം വൈകിയപ്പോൾ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തു കൊണ്ടാണെന്നു ശിവൻകുട്ടി ചോദിച്ചു. ജനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർ ജോലി മതിയാക്കി പോകണമെന്ന് ആന്റണി രാജു എംഎൽഎ പറഞ്ഞു.
‘ഇതുവരേയും നഗരത്തില്‍ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. വാട്ടര്‍ അതോറിറ്റി മുന്‍കൂര്‍ ധാരണയില്ലാതെ കൈകാര്യം ചെയ്തു’ എന്ന് മന്ത്രി വിളിച്ച യോഗത്തിലും വി.കെ പ്രശാന്ത് എം.എല്‍ എ വിമര്‍ശിച്ചു. നേമത്ത് നടക്കുന്ന പ്രവൃത്തിക്ക് നഗരമാകെ വെള്ളം കിട്ടാത്ത അവസ്ഥ എങ്ങനെ വന്നുവെന്നത് പരിശോധിക്കണം. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്നും വി.കെ പ്രശാന്ത് ചൂണ്ടിക്കാട്ടി.
‘ഇങ്ങനെയൊരു സ്ഥിതി എങ്ങനെയുണ്ടായെന്ന് മന്ത്രി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. മന്ത്രിക്ക് പരാതി നല്‍കും. വാട്ടര്‍ അതോറിറ്റിക്ക് വീഴ്ചയുണ്ടായി. 48 മണിക്കൂറില്‍ തീരേണ്ടപണി നീണ്ടുപോയി. ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായി’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇത്തരമൊരു സാഹചര്യത്തിലേക്ക് നഗരത്തെ തള്ളിവിടേണ്ട ഒരുകാര്യവുമില്ല. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി സംശയിക്കുന്നു. ഏകോപനക്കുറവ് ഉണ്ടായി’ എന്നും വി.കെ പ്രശാന്ത് ചൂണ്ടിക്കാട്ടി.
ജലവിതരണം മുടങ്ങിയതോടെ ലക്ഷക്കണക്കിനു നഗരവാസികളാണ് ബുദ്ധിമുട്ടിലായത്. റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ പ്രവൃത്തി നീണ്ടതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതാണു പ്രശ്നം രൂക്ഷമാകാൻ കാരണം.
“തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിരുന്നു. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്‍ഡ് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതോടെ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വന്നു.” മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിക്കുന്നു.
”ജോലികൾ 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി വാല്‍വ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ അപ്രതീക്ഷിതമായി സംഭവിച്ച ചോര്‍ച്ചയാണ് പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത്.
മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത തടസ്സങ്ങള്‍ ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതില്‍ കാലതാമസം സംഭവിക്കാന്‍ കാരണമായത്…” മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
പ്രതിസന്ധിയുടെ വിവരം അറിഞ്ഞയുടര്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു, വി.കെ. പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിസന്ധി ഒഴിവാക്കുന്നതിന് മുഴുവന്‍ സമയവും രംഗത്തുണ്ടായിരുന്നു.
ജലവിതരണം പ്രശ്നം കണക്കിലെടുത്തു ഇന്ന് (തിങ്കൾ) കോർപറേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരള സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.