പൊതുവെ കുട്ടികളെ മാതാപിതാക്കള്‍ പറഞ്ഞ് പേടിപ്പിച്ചിരുന്ന കാര്യമാണ് മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരുമെന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം, മൊബൈല്‍ ഫോണിന്റെ ഉപയോഗം തലച്ചോറിലെയും തലയിലെയും ക്യാന്‍സറിന് കാരണമാകില്ലെന്ന് തെളിഞ്ഞു. വര്‍ഷങ്ങളായി മൊബൈല്‍ ഉപയോഗം ഉണ്ടായിരുന്നവരിലും ഗ്ലിയോമ, ഉമിനീര്‍ ഗ്രന്ഥി മുഴകള്‍ തുടങ്ങിയ ക്യാന്‍സറുകളുടെ അപകടസാധ്യത വര്‍ദ്ധിക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി.
ബ്രെയിന്‍ ക്യാന്‍സറോ തലയിലും കഴുത്തിലെയും മറ്റ് ക്യാന്‍സറുകള്‍ക്ക് മൊബൈല്‍ ഫോണുമായി ബന്ധമുണ്ടാക്കുന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തില്‍ പങ്കെടുത്ത കെന്‍ കരിപ്പിഡിസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം കുതിച്ചുയര്‍ന്നിട്ടുണ്ടെങ്കിലും, ബ്രെയിന്‍ ട്യൂമര്‍ നിരക്കില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയുടെ (അര്‍പന്‍സ) നേതൃത്വത്തിലുള്ള അവലോകനം ഈ വിഷയത്തെക്കുറിച്ചുള്ള 5,000-ത്തിലധികം പഠനങ്ങളാണ് പരിശോധിച്ചത്.
റേഡിയോ തരംഗങ്ങള്‍ എന്നറിയപ്പെടുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോമാഗ്‌നറ്റിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന മൊബൈല്‍ ഫോണുകള്‍ പോലുള്ള വയര്‍ലെസ് സാങ്കേതിക ഉപകരണങ്ങളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി നിരവധി മിഥ്യകള്‍ പ്രചരിക്കുന്നതിനാല്‍ ഈ പഠനം ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ 2011ല്‍ റേഡിയോ ഫ്രീക്വന്‍സിയും വൈദ്യുതകാന്തിക മണ്ഡലങ്ങളും ഒരു അര്‍ബുദ ഘടകമായി പറഞ്ഞിരുന്നു.
പഠനത്തിന്റെ പ്രാധാന്യം
ഗവേഷകര്‍ വിശകലനത്തിനായി 5,060 പഠനങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യകാരണബന്ധം അന്വേഷിച്ച 63 എണ്ണം മാത്രമാണ് തിരഞ്ഞെടുത്തത്. റേഡിയോ ഫ്രീക്വന്‍സി, വൈദ്യുതകാന്തിക വികിരണം എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ക്യാന്‍സറിന് കാരണമായോ എന്ന് കണ്ടെത്താന്‍ രൂപകല്‍പ്പന ചെയ്ത പഠനങ്ങളാണ് പ്രധാനമായും തിരഞ്ഞെടുത്തത്.
മൊബൈല്‍ ഫോണ്‍ ഉപയോഗവും അര്‍ബുദവും തമ്മില്‍ മൊത്തത്തിലുള്ള ബന്ധമൊന്നും ഈ അവലോകനത്തില്‍ കണ്ടെത്തിയില്ല എന്ന് മാത്രമല്ല, ദീര്‍ഘകാല ഉപയോഗവും (10 വര്‍ഷമോ അതില്‍ കൂടുതലോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്) ആവൃത്തിയും (വിളിച്ച കോളുകളുടെ എണ്ണം അല്ലെങ്കില്‍ ഓരോ കോളിനും ചെലവഴിച്ച സമയവും) ഒരു അപകടസാധ്യതയും വരുത്തുന്നില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.