KeralaNEWS

”സതീശന് ആര്‍എസ്എസ് ബന്ധം; അടിയന്തര വാര്‍ത്താസമ്മേളനം നടത്തിയത് ഈ വിവരം എനിക്ക് ലഭിച്ചതറിഞ്ഞ്”

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍എസ്എസ് ബന്ധമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്‍.അജിത് കുമാര്‍, ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് സതീശനു വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു. ഈ വിവരം തനിക്ക് കിട്ടിയത് അറിഞ്ഞാണ് സതീശന്‍ അടിയന്തര വാര്‍ത്താസമ്മേളനം നടത്തി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്.

മുഖ്യമന്ത്രിയാണ് എഡിജിപിയെ പറഞ്ഞ് അയച്ചതെന്ന സതീശന്റെ പ്രസ്താവന, പുനര്‍ജനി കേസിലെ ഇ.ഡി അന്വേഷണം ഒഴിവാക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് മുന്‍പാകെ മൊഴി നല്‍കാനായി മലപ്പുറം ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് പി.വി. അന്‍വര്‍, പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്.

Signature-ad

”സതീശന്‍ കുരുങ്ങാന്‍ പോവുകയാണ്. പണം തട്ടിയിട്ടില്ലെങ്കില്‍ അന്വേഷണം നടത്താന്‍ സതീശന്‍ ഇ.ഡിക്ക് എഴുതി കൊടുക്കട്ടെ. സതീശനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. മൊഴിയെടുക്കുമ്പോള്‍ സത്യസന്ധമായി എല്ലാം പറയും. തെളിവുകള്‍ കൈമാറും. തെളിവുകള്‍ കിട്ടിക്കൊണ്ടേ ഇരിക്കുകയാണ്” അന്‍വര്‍ പറഞ്ഞു.

”എഡിജിപിയും ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേല്‍ ചാര്‍ത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എഡിജിപിക്ക് ആര്‍എസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവര്‍ ഇത്തരത്തില്‍ പല പ്രശ്‌നങ്ങളും സര്‍ക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ട്. പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്.” അന്‍വര്‍ ആരോപിച്ചു.

22ാം തീയതിയാണ് പ്രതിപക്ഷ നേതാവ് ഈ ആരോപണം ഉന്നയിച്ചത്. തന്റെ ഫോണ്‍ എഡിജിപി ചോര്‍ത്തിയതിനു പിന്നാലെയാണ്. എഡിജിപി ആവശ്യപ്പെട്ടിട്ടാണ് മാധ്യമപ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് അടിയന്തരമായി വിളിച്ചുവരുത്തിയത്. മൊഴിയെടുപ്പില്‍ പി.ശശിയും എഡിജിപിയുമായി ബന്ധത്തെ കുറിച്ച് ചോദിച്ചാല്‍ അതും പറയും. എഡിജിപിക്കെതിരെ തന്റെ കയ്യിലുള്ള എല്ലാ തെളിവുകളും അന്വേഷണ സംഘത്തിനു നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

പൊലീസിനെതിരെ പരാതി അറിയിക്കാന്‍ താന്‍ കൊണ്ടുവന്ന പുതിയ വാട്‌സാപ് നമ്പറില്‍ തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. ഇന്നലെ പുറത്തിറക്കിയ വാട്‌സാപ് നമ്പറില്‍ ഇരുന്നൂറോളം വിവരങ്ങള്‍ ലഭിച്ചു. പൊലീസിലെ 10 ശതമാനം ക്രിമിനലുകളാണ് ജില്ലയില്‍ പരാതി കൈകാര്യം ചെയ്യുന്നത്. വാട്സാപ് നമ്പറില്‍ ലഭിച്ച പരാതികള്‍ എല്ലാം പാര്‍ട്ടിക്കാരുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കും. കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: