മലപ്പുറം: പൊന്നാനി സ്വദേശിനിയുടെ പീഡനാരോപണത്തില്‍ താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി മലപ്പുറം എസ്.പിക്ക് പരാതി നല്‍കി. മുട്ടില്‍മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയാനാണ് സ്ത്രീയെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നാണ് പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്നും വി.വി. ബെന്നി ആവശ്യപ്പെട്ടു.
ഗൂഢാലോചനയ്ക്ക് പിന്നില്‍ മരംമുറിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വകാര്യ ചാനല്‍ ഉടമകളാണെന്നാണ് ഡിവൈ.എസ്.പി. പറഞ്ഞുവെക്കുന്നത്. വീട്ടമ്മയുടെ ആരോപണങ്ങള്‍ക്കുപിന്നില്‍ മുട്ടില്‍ മരംമുറിക്കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാമെന്ന് കഴിഞ്ഞദിവസം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന കേസിന് പുറമേ സിവിലായും ക്രിമിനലായും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നൂറുശതമാനവും താന്‍ നിരപരാധിയാണ്. ഒരുകുറ്റവും ചെയ്തിട്ടില്ല. മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ ഡിവൈ.എസ്.പി.യായിരുന്നപ്പോള്‍ പൊന്നാനി എസ്.എച്ച്.ഒ.യ്ക്ക് എതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് നിര്‍ദേശംനല്‍കിയിരുന്നു. പരാതി വ്യാജമാണെന്ന് തെളിയുകയും എസ്.പി.ക്ക് അങ്ങനെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനുപുറമേ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതി തള്ളി.
മലപ്പുറം മുന്‍ പോലീസ് മേധാവി സുജിത്ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി: വി.വി. ബെന്നി, പൊന്നാനി ഇന്‍സ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ പേരിലാണ് പൊന്നാനി സ്വദേശിയായ സ്ത്രീ പീഡന ആരോപണം ഉന്നയിച്ചത്.
2022 ഒക്ടോബറില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടിലെത്തിയ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡിവൈ.എസ്.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരേ പരാതി നല്‍കാന്‍ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചു. സുജിത്ദാസിനെതിരേ രംഗത്തുവരാന്‍ ധൈര്യംപകര്‍ന്നത് പി.വി. അന്‍വര്‍ എം.എല്‍.എ.യാണെന്നും പരാതിക്കാരി പറഞ്ഞു.
സുജിത്ദാസിനെതിരേ എം.എല്‍.എ. നടത്തിയ വെളിപ്പെടുത്തലുകളില്‍നിന്നാണ് തനിക്ക് നേരിട്ട അനുഭവങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ ധൈര്യം ലഭിച്ചതെന്നാണു പറയുന്നത്. ഇവരും പി.വി. അന്‍വര്‍ എം.എല്‍.എ.യും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നതായും അന്‍വര്‍ പൂര്‍ണപിന്തുണ അറിയിച്ചുവെന്നുമാണ് വിവരം.
വ്യാഴാഴ്ച രാത്രി പൊന്നാനിയിലെ ഒരു സി.പി.എം. നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. നേതാവിന്റെ വീട്ടില്‍വെച്ച് പരാതിക്കാരി പി.വി. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയെന്ന് പരാതിക്കാരിയുടെ ബന്ധു സ്ഥിരീകരിച്ചു. ആരോപണം വലിയ വാര്‍ത്തയായതോടെ പരാതിക്കാരി പിന്നീട് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.