KeralaNEWS

മുകേഷിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും.

നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Signature-ad

മുകേഷിനെതിരെ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസ് വന്നിരുന്നു. 13 വര്‍ഷം മുന്‍പ് നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്.

അതേസമയം, പീഡനക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖും മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. നേരത്തെ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

 

Back to top button
error: