KeralaNEWS

ഇ.പി.യെ പുറത്താക്കിയതിനുപിന്നില്‍ പി.ബി; പാര്‍ട്ടിയിലെ ഭാവി സി.സി തീരുമാനിക്കും

തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ നീക്കിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനുപിന്നില്‍ പൊളിറ്റ്ബ്യൂറോയുടെ ഇടപെടല്‍. അതേസമയം, പാര്‍ട്ടിയിലെ ഭാവിയെന്തെന്ന് അടുത്ത കേന്ദ്രകമ്മിറ്റിയോഗം നിശ്ചയിക്കും. പാര്‍ട്ടിസമ്മേളനങ്ങള്‍ തുടങ്ങിയതിനാല്‍ സംഘടനാപരമായ നടപടികള്‍ സാധാരണ ഉണ്ടാവാറില്ലെങ്കിലും ഇ.പിയുടെ കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷംചേര്‍ന്ന സി.പി.എം. കേന്ദ്രകമ്മിറ്റിയില്‍ ഇ.പിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ ബി.ജെ.പി. നേതാവുമായി കൂടിക്കാഴ്ചനടത്തിയെന്ന വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

Signature-ad

കേരളത്തിലെ പ്രശ്‌നങ്ങളില്‍ അച്ചടക്കനടപടിക്ക് പി.ബിയില്‍ ആവശ്യമുയര്‍ന്നെങ്കിലും പശ്ചിമബംഗാള്‍ ഘടകത്തിന്റെ ഇടപെടലില്‍ സംഘടനാവിഷയങ്ങള്‍ അന്ന് പരിഗണിച്ചില്ല. തുടര്‍ന്ന്, കേരളഘടകത്തില്‍ തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് നിര്‍ദേശമുണ്ടായി. സി.സിയില്‍ ഉയര്‍ന്ന വിമര്‍ശനംകൂടി കണക്കിലെടുത്താണ് ഇ.പിക്കെതിരേ നടപടിക്കുള്ള പി.ബി. ഇടപെടല്‍.

ഇ.പിയെ കണ്‍വീനര്‍സ്ഥാനത്തുനിന്ന് നീക്കിയ നടപടി കേരളഘടകത്തിന് സി.സിക്കു റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. ഇതുകൂടി പരിഗണിച്ചാവും സംഘടനാനടപടി. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അസുഖബാധിതനായി ആശുപത്രിയിലായതിനാല്‍, സി.സി. എന്ന് വിളിച്ചുചേര്‍ക്കാനാവുമെന്ന് വ്യക്തമായിട്ടില്ല. ഒക്ടോബറിലോ നവംബറിലോ വിളിച്ചുചേര്‍ത്താല്‍ പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള രാഷ്ട്രീയ അടവുനയമായിരിക്കും മുഖ്യ അജന്‍ഡ.

സംഘടനാപ്രശ്‌നങ്ങള്‍കൂടി പരിഗണിച്ചാല്‍ ഇ.പിയുടെ കാര്യവും ചര്‍ച്ചയ്ക്കുവന്നേക്കും. സമ്മേളനം നടക്കുന്നതിനാല്‍ സംഘടനാനടപടി വേണ്ടെന്നവാദം അംഗീകരിക്കപ്പെട്ടാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ കേന്ദ്രകമ്മിറ്റിയെ തിരഞ്ഞെടുക്കുമ്പോള്‍ ഇ.പി.യെ ഒഴിവാക്കാനാണുസാധ്യത.

എഴുപത്തിയഞ്ച് വയസ്സുകഴിഞ്ഞവര്‍ സി.സിയില്‍ വേണ്ടെന്നാണ് സി.പി.എം. വ്യവസ്ഥ. ഇ.പി. അടുത്തവര്‍ഷം മേയില്‍ 75-ലേക്കു പ്രവേശിക്കും. ഇതുചൂണ്ടിക്കാട്ടി ഒഴിവാക്കാനാണ് സാധ്യത. ഇ.പി. തുടരണമെങ്കില്‍ കേരളഘടകം അദ്ദേഹത്തിനായി ശക്തമായി വാദിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: