KeralaNEWS

”തുളസീദാസ് രാത്രി മുറിയിലേക്ക് വിളിപ്പിച്ചു; നായകനടന്മാരെ അറിയിച്ചപ്പോള്‍ പരിഹാസം”

കണ്ണൂര്‍: സംവിധായകന്‍ തുളസീദാസില്‍നിന്നു തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ഉഷ പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായ ഉഷ, കണ്ണൂരില്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയായി എത്തിയതായിരുന്നു.

‘മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരുദിവസം രാത്രി 11ന് എന്നോട് മുറിയിലേക്കു ചെല്ലാന്‍ പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചു സംസാരിക്കാനാണെന്നു പറഞ്ഞു. നാളെ സംസാരിക്കാമെന്നു പറഞ്ഞു ഞാന്‍ പോയില്ല. ഇക്കാര്യം ചിത്രത്തിലെ നായകനടന്മാരായ മുകേഷിനോടും അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ച ആളോടും പറഞ്ഞപ്പോള്‍ എന്നെ കളിയാക്കി. പിന്നീട് ആ ചിത്രത്തില്‍ എന്റെ വേഷത്തിന്റെ പ്രാധാന്യം കുറച്ചു.

Signature-ad

തുളസീദാസിന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുറിയുടെ എതിര്‍വശത്തുമുള്ള മുറി തന്നു. ഇദ്ദേഹത്തിന്റെ സ്വഭാവം അറിയുന്നതുകൊണ്ട് വേറെ മുറി വേണമെന്നു ഞാന്‍ വാശിപിടിച്ചു. അവര്‍ തന്നില്ല. അഭിനയിക്കാതെ ഞാന്‍ ആലപ്പുഴയിലേക്കു മടങ്ങി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്ക് എന്റെ മുന്നില്‍വച്ചു തന്നെ ഇദ്ദേഹത്തില്‍നിന്നു മോശം അനുഭവമുണ്ടായി.

രാത്രി അവരുടെ വാതിലില്‍ ആരോ മുട്ടി. 10 മിനിറ്റിനു ശേഷം വീണ്ടും മുട്ടി. സഹപ്രവര്‍ത്തക പേടിച്ച് റിസപ്ഷനില്‍ വിളിച്ചുപറഞ്ഞു. സെക്യൂരിറ്റി വന്നുനോക്കി. അന്നേരം സംവിധായകന്‍ വാതില്‍ പകുതി തുറന്നുനോക്കുന്നു. ശബ്ദം കേട്ടെത്തിയവരൊക്കെ അദ്ദേഹത്തെ മുറിയുടെ പുറത്തേക്കു വിളിച്ചു കാര്യം പറഞ്ഞു. അടുത്തദിവസം സെറ്റില്‍ ഞാനും സഹപ്രവര്‍ത്തകയും ചെന്നപ്പോള്‍ സംവിധായകന്‍ അവരെ വിളിപ്പിച്ചു. സെക്യൂരിറ്റി ഉണ്ടെങ്കില്‍ മാത്രമേ ഹോട്ടലില്‍ താമസിക്കുകയുള്ളോ എന്നു പരിഹാസത്തോടെ ചോദിച്ചു.

വാതിലില്‍ ആരോ തട്ടിയ കാര്യം അവര്‍ പറഞ്ഞപ്പോള്‍ ഞാനാണു തട്ടിയതെന്ന് അയാള്‍ പറഞ്ഞു. ആ പടം തീരുന്നതുവരെ ഈ സഹപ്രവര്‍ത്തകയോടു മോശം പെരുമാറ്റമായിരുന്നു’ ഉഷ പറഞ്ഞു.

 

Back to top button
error: