തിരുവനന്തപുരം: നടി മിനു മുനീറിന്റെ ലൈംഗിക ആരോപണം നിഷേധിച്ച് നടന് മണിയന്‍പിള്ള രാജു. അവസരം കിട്ടാത്തവരും ആരോപണവുമായി രംഗത്തു വരും. കള്ളപ്പരാതിയുമായി വരുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. കുറ്റക്കാര്‍ ആരാണെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കണമെന്നും മണിയന് പിള്ള രാജു പ്രതികരിച്ചു.
”ആരോപണങ്ങള്‍ ഇനിയും ധാരാളം വരും. ഇതിനു പിന്നില്‍ പല ഉദ്ദേശങ്ങളുമുണ്ടാകും. പൈസ അടിച്ചുമാറ്റാനും, മുമ്പ് അവസരങ്ങള്‍ ചോദിച്ചിട്ട് കൊടുക്കാത്തവര്‍ ഒക്കെ രംഗത്തു വരും. ഇതില്‍ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഡബ്ലിയുസിസി പറഞ്ഞത് ശരിയാണ്. ശരിയായ തെറ്റുകാര്‍ ആരൊക്കെയാണെന്ന് അറിയാന്‍ കഴിയുമല്ലോ?”
‘തെറ്റു ചെയ്യാത്തവരും ഈ ആരോപണത്തില്‍പ്പെടുമല്ലോ, പെടുത്തുമല്ലോ എന്നും മണിയന്‍പിള്ള രാജു പറഞ്ഞു. രണ്ടു തരത്തിലും അന്വേഷിക്കണം. തെറ്റുകാരായിട്ടുള്ളവര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എന്നെയും ശിക്ഷിക്കണം’. മണിയന്‍പിള്ള രാജു പറഞ്ഞു.
‘ഞാന്‍ താരസംഘടനയായ അമ്മയുടെ സ്ഥാപക അംഗമാണ്. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ വൈസ് പ്രസിഡന്റായിരുന്നു. മെമ്പര്‍ഷിപ്പിനായി പണം വാങ്ങിക്കുക പോലുള്ള അന്യായം എന്റെ അറിവിലില്ല. ഔട്ട് ഓഫ് ദ വേയിലൂടെ ആരെയും അംഗത്വം നല്‍കാനാവില്ല. ഫോട്ടോ വെച്ച് ഒരു അപേക്ഷ അമ്മയില്‍ നല്കിയാല് എക്സിക്യൂട്ടീവ് കമ്മിറ്റി പരിശോധിക്കും’.
‘ആണോ പെണ്ണോ ആര് അപേക്ഷ നല്കിയാലും, ഈ ആപേക്ഷ നല്കിയ ആളെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും പരിചയമുണ്ടോ എന്ന് കമ്മിറ്റിയിലുള്ളവരോട് ചോദിക്കും. ഉണ്ട്, നമ്മളോടൊപ്പം രണ്ടു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് ആരെങ്കിലും പറയുമ്പോഴാണ് അവരെ സെലക്ട് ചെയ്യുക. എന്നിട്ടു മാത്രമേ അവരില്‍ നിന്നും അംഗത്വ ഫീസ് വാങ്ങുകയുള്ളൂ. അതിനൊക്കെ ഒരു പ്രൊസീജിയേഴ്സ് ഉണ്ടെന്ന്’ മണിയന് പിള്ള രാജു പറഞ്ഞു.
ആരോപണം ഉന്നയിച്ച മിനു മുനീര്‍ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇടവേള ബാബു, സിദ്ദിഖ് എന്നതല്ല, ആരു പറഞ്ഞാലും എല്ലാക്കാര്യത്തിലും ഒരു സുതാര്യത വേണം. ആണിന്റെ ഭാഗത്തു നിന്നായാലും പെണ്ണിന്റെ ഭാഗത്തു നിന്നായാലും, ആരോപണങ്ങളില്‍ ശരിയായ അന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്നും മണിയന് പിള്ള രാജു പ്രതികരിച്ചു.