1996ല്‍ കാര്‍ത്തിക്കും ഗൗണ്ടമണിയും പ്രധാന വേഷങ്ങള്‍ ചെയ്ത ‘ഉള്ളത്തൈ അള്ളിത്താ’ എന്ന സിനിമ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്. ന്യൂജനറേഷന്‍ വരെ റീല്‍ ചെയ്ത് ആഘോഷിക്കുന്ന ‘അഴകിയ ലൈല’ എന്ന സോങ് ഈ ചിത്രത്തിലേതാണ്. ഈ പാട്ടിന്റെ പ്രധാന ആകര്‍ഷണം നടി രംഭയുടെ തട്ടുപൊളിപ്പന്‍ പ്രകടനമായിരുന്നു. രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് അത് രംഭയായി മാറിയത്. കരിയറിന്റെ ഉന്നതിയിലായിരുന്നപ്പോള്‍ തമിഴിലെ പ്രശസ്ത ഹാസ്യതാരം ഗൗണ്ടമണി ഒരു വീട് രംഭയ്ക്ക് സൗഹൃദത്തിന്റെ പുറത്ത് സമ്മാനമായി നല്‍കിയിരുന്നുവത്രെ.
ഇപ്പോള്‍ ഈ വീട് ഇരുവരും തമ്മിലുള്ള വലിയൊരു യുദ്ധത്തിന് കാരണമായി തീര്‍ന്നിരിക്കുന്നുവെന്നാണ് തമിഴ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗണ്ടമണി നല്‍കിയ വീട് രംഭയില്‍ നിന്നും തിരികെ വാങ്ങാനുള്ള ശ്രമമാണ് നടന്റെ കുടുംബം നടത്തുന്നത്.
വീട് തിരികെ വാങ്ങാനുള്ള ശ്രമം ഗൗണ്ടമണിയുടെ കുടുംബം ശക്തമാക്കിയതോടെ രംഭയും നിയമം ഉപയോഗിച്ച് ശക്തമായ പോരാട്ടം നടത്താന്‍ കളത്തില്‍ ഇറങ്ങി. വീട് സ്വന്തമാക്കാന്‍ ഇരുവരും കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പണം മുടക്കി എങ്ങനെയെങ്കിലും വീട് വീണ്ടെടുക്കാന്‍ ഇരുകൂട്ടരും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് പറയപ്പെടുന്നു.
രംഭയും ഗൗണ്ടമണിയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഉള്ളത്തൈ അള്ളിത്തായ്ക്കുശേഷം സെങ്കോട്ടൈ, സുന്ദര പുരുഷന്‍, ധര്‍മ്മചക്രം, അരുണാചലം, രാശി, വിഐപി, ആനന്ദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. തമിഴിന് ??പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് രംഭ വിവാഹിതയായത്. ശേഷം കാനഡയ്ക്ക് പറന്ന രംഭ വളരെ വിരളമായി മാത്രമാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് വരാറുള്ളത്. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് രംഭ. അടുത്തിടെ താരവും കുടുംബവും ഗുരുവായൂരില്‍ തൊഴാന്‍ എത്തിയതിന്റെ വീഡിയോകള്‍ വൈറലായിരുന്നു.
കബഡി കബഡി, പായും പുലി, കൊച്ചി രാജാവ്, മയിലാട്ടം, ക്രോണിക് ബാച്ചിലര്‍, സിദ്ധാര്‍ത്ഥ, ചമ്പക്കുളം തച്ചന്‍, സര്‍ഗം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് രംഭ എത്തിയത്. കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ടുതന്നെ താരത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 2010ലാണ് രംഭയും ഇന്ദ്രനും വിവാഹിതരാകുന്നത്. ലാന്യ, സാഷ, ശിവിന്‍ എന്നിങ്ങനെ പേരുള്ള മൂന്ന് മക്കള്‍ ഇരുവര്‍ക്കുമുണ്ട്.
അടുത്തിടെ നടന്‍ വിജയിയേയും കുടുംബസമേതം രംഭ സന്ദര്‍ശിച്ചിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും സ്‌ക്രീനില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താര ജോഡികളായിരുന്നു വിജയ്യും രംഭയും.
മിന്‍സാര കണ്ണ, നിനൈതെന്‍ വന്തൈ, എന്‍ടെന്‍ട്രും കാതല്‍ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി എത്തിയിട്ടുണ്ട്. ഊദാ പൂ, വര്‍ണ്ണ നിലവേ, ഉന്നൈ നിനൈത്ത് നാന്‍ വന്തേന്‍ നിരവധി ഹിറ്റ് ഗാനങ്ങളും ഇവരുടേതായിയുണ്ട്.