CrimeNEWS

ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ? കുഞ്ഞിനെ ഡോണ വീഡിയോകോളിലൂടെ അച്ഛനെ കാണിച്ചെന്ന് പൊലീസ്

ആലപ്പുഴ: ചോരക്കുഞ്ഞിനെ മറവു ചെയ്ത സംഭവത്തില്‍ മാതാവ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) ആശുപത്രി വിട്ടശേഷം വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. പ്രസവിച്ച ശേഷം കുഞ്ഞിനെ പിതാവ് തോമസ് ജോസഫി(24)നു വീഡിയോ കോളിലൂടെ ഡോണ കാണിച്ചു കൊടുത്തെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെന്നാണു സൂചന. 24 മണിക്കൂറിനു ശേഷമാണു കുഞ്ഞിനെ തകഴിയില്‍ പാടവരമ്പത്ത് തോമസും സുഹൃത്ത് തകഴി സ്വദേശി അശോക് ജോസഫും ചേര്‍ന്നു മറവു ചെയ്തത്. മരണം സംഭവിക്കാവുന്ന രീതിയില്‍ കുഞ്ഞിനെ കൈകാര്യം ചെയ്തുവെന്ന ജാമ്യമില്ലാ കുറ്റമാണു റിമാന്‍ഡിലുള്ള 3 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

തോമസിനെയും അശോകിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ആലപ്പുഴ ജില്ലാ ജയിലിലുള്ള പ്രതികളെ ഇന്നു കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്നാണു സൂചന. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ഡോണയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. രഹസ്യമായി വീട്ടില്‍ പ്രസവിച്ച യുവതി രണ്ടു ദിവസത്തിനു ശേഷം ചികിത്സ തേടിയപ്പോഴാണു പ്രസവ വിവരം പുറത്തായത്. ഡോണയ്ക്ക് അണുബാധയും വിളര്‍ച്ചയുമുണ്ട്.

Signature-ad

കുഞ്ഞിന്റെ ആന്തരാവയവങ്ങള്‍ തിരുവനന്തപുരത്തെ കെമിക്കല്‍ ലാബിലേക്കും ഫൊറന്‍സിക് ലാബിലേക്കും വിശദ പരിശോധനയ്ക്ക് അയച്ചു. പ്രസവിച്ച മുറിയില്‍ നിന്നു ലഭിച്ച രക്തക്കറയുടെ സാംപിള്‍, കുഞ്ഞിന്റെ ഡിഎന്‍എ എന്നിവയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മറവു ചെയ്തു നാലു ദിവസം കഴിഞ്ഞു പുറത്തെടുക്കുമ്പോള്‍ ജഡം ജീര്‍ണിച്ചിരുന്നു. അതിനാല്‍ കൊലപ്പെടുത്തിയതാണോ എന്നു കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം അപര്യാപ്തമായി. അതിനാലാണു ആന്തരാവയവ പരിശോധന നടത്തുന്നത്. കൊലപാതകമെന്നു തെളിഞ്ഞാല്‍ നരഹത്യ കുറ്റം ചുമത്തും. ഗര്‍ഭസ്ഥശിശുവിനു നല്‍കേണ്ട കരുതല്‍ ഡോണയില്‍ നിന്നുണ്ടായിട്ടില്ലെന്നു യുവതി പോഷകാഹാരങ്ങളും വിശ്രമവുമെല്ലാം ഒഴിവാക്കിയതും കുറ്റകരമാണെന്നും പൊലീസ് പറഞ്ഞു.

 

Back to top button
error: