കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ സ്ഥാപിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ ബോര്‍ഡുകള്‍ നശിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ സ്വദേശിയായ ജൂത വനിതയ്‌ക്കെതിരേ പോലീസെടുത്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മട്ടാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ സാറ ഷെലന്‍സ്‌കി മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ഫോര്‍ട്ട്കൊച്ചി സന്ദര്‍ശിക്കാനെത്തിയ യുവതി പലസ്തീന്‍ അനുകൂല ബോര്‍ഡുകള്‍ കീറുകയായിരുന്നു. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് മടങ്ങിയത്. ഇതിനുശേഷമാണ് കേസ് റദ്ദാക്കാനായി ഹര്‍ജി നല്‍കിയത്.