ഇംഫാല്‍: മണിപ്പൂരിലെ തെങ്നൗപാലില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പേര് കൊല്ലപ്പെട്ടു. യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ട് (യു.കെ.എല്‍.എഫ്) പ്രവര്‍ത്തകനും അതെ സമുദായത്തിലെ മൂന്ന് ഗ്രാമീണ സന്നദ്ധ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഗ്രാമസന്നദ്ധപ്രവര്‍ത്തകര്‍ യു.കെ.എല്‍.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു. സുരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മണിപ്പുര്‍ കാംങ്പോക്പി ജില്ലയില്‍ മുന്‍ എംഎല്‍എയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. മുന്‍ എംഎല്‍എ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ 59 കാരി ചാരുബാലയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന മാലിന്യകൂമ്പാരത്തിനടുത്ത് നിന്നാണ് സ്ഫോടനം ഉണ്ടായതെന്നും മറ്റാര്‍ക്കും അപായമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.
യാംതോംഗ് ഹാക്കിപ്പ് അടുത്തിടെ ബന്ധുവില്‍നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ചില കേസുകളും വഴക്കും നിലനില്‍ക്കുന്നുണ്ട്. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സൈക്കുല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും 2012, 2017 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച യാംതോംഗ് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്.