NEWSWorld

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക അക്രമം; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു മേല്‍ സമ്മര്‍ദം

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിനു പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ നടക്കുന്ന അക്രമം അവസാനിപ്പിക്കുന്നതിന് പ്രഥമപരിഗണന നല്‍കണമെന്ന് ഇടക്കാല സര്‍ക്കാരിന് തുറന്ന കത്ത്. ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍, ബംഗ്ലാദേശ് പൂജ ഉദ്ജപന്‍ പരിഷത്ത് എന്നിവയാണ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന് കത്തുനല്‍കിയത്.

തുടരുന്ന സാമുദായികസംഘര്‍ഷം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ആശങ്കയും അനിശ്ചിതത്വവും ഉണ്ടാക്കിയിരിക്കുകയാണെന്നും അതിന് ഉടന്‍ അറുതിവരുത്തണമെന്നും കത്തില്‍ പറയുന്നു. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് യൂണിറ്റി കൗണ്‍സില്‍ അംഗം കാജല്‍ ദേവ്‌നാഥ് ആവശ്യപ്പെട്ടു. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശില്‍ എട്ടുശതമാനം ഹിന്ദുക്കളും 0.6 ശതമാനം ബുദ്ധമതക്കാരും 0.3 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്.

Signature-ad

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കുനേരേയുള്ള ആക്രമണത്തെ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അപലപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷയുറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോടും ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസെബളെ ആവശ്യപ്പെട്ടിരുന്നു. ഇതേയാവശ്യമുന്നയിച്ച് വി.എച്ച്.പി. അധ്യക്ഷന്‍ അലോക് കുമാറും സെക്രട്ടറി ജനറല്‍ ബജ്‌റംഗ് ബഗ്രയും വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടു. ന്യൂനപക്ഷ അതിക്രമത്തില്‍ പ്രതിഷേധിച്ച് അസമിലെ ഗുവാഹാട്ടിയിലുള്ള ബംഗ്ലാദേശ് ഉപസ്ഥാനപതികാര്യാലയത്തിലേക്ക് ആറ് ഹിന്ദുസംഘടനകള്‍ ശനിയാഴ്ച മാര്‍ച്ച് നടത്തി.

 

Back to top button
error: