മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ് മഹാരാഷ്ട്ര. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി തിരക്കിലാണ് മുന്നണികള്‍. പൊതുതെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ശിവസേന താക്കറെ വിഭാഗം. ശിവസേന യുബിടി തലവന്‍ ഉദ്ധവ് താക്കറെ തന്റെ മൂന്നാം ദിവസത്തെ ഡല്‍ഹി പര്യടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രണ്ടാം റൗണ്ട് കൂടിക്കാഴ്ച നടത്തി. മഹാ വികാസ് അഘാഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടലിനെയും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച.
മകന്‍ ആദിത്യ, രാജ്യസഭാംഗം സഞ്ജയ് റൗട്ട് എന്നിവര്‍ക്കൊപ്പമെത്തിയ താക്കറെ, ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വര്‍ധിച്ചുവരുന്ന അതൃപ്തിയെക്കുറിച്ച് ചൂണ്ടിക്കാട്ടി. ”മഹാരാഷ്ട്രയിലെ 13 കോടി ജനങ്ങളും മാറ്റത്തിനായി കൊതിക്കുന്നു,” യോഗത്തിനു ശേഷം ഖാര്‍ഗെ ട്വീറ്റ് ചെയ്തു. രണ്ടര വര്‍ഷക്കാലം ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംവിഎ സഖ്യത്തെ നയിച്ചിരുന്ന താക്കറെ, താന്‍ ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ലെന്നും പ്രസ്താവിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം കണക്കിലെടുത്ത് സംസ്ഥാന നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, പൊതുതെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നടന്ന സംഭവവികാസങ്ങളില്‍ ഉദ്ധവ് തൃപ്തനല്ലെന്നാണ് മഹാ വികാസ് അഘാഡിയിലെ വൃത്തങ്ങള്‍ പറയുന്നത്. ചില ലോക്സഭാ മണ്ഡലങ്ങളിലെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേന യുബിടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നാണ് ആരോപണം. മറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയ മണ്ഡലങ്ങളില്‍ താക്കറെയുടെ അണികള്‍ പ്രവര്‍ത്തിച്ചുവെന്നും വാദിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം താക്കറെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടെ വെളിപ്പെടുത്തിയെന്നും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ തുടരുന്ന താക്കറെ ഈ വിഷയം രാഹുല്‍ ഗാന്ധിയോടും ഖാര്‍ഗെയോടും ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളിലും താക്കറെക്ക് അതൃപ്തിയുണ്ട്.
എന്തുവിലകൊടുത്തും താക്കറെയുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയില്‍ മത്സരിച്ച 17 സീറ്റുകളില്‍ 13ലും വിജയിച്ചത് ഈ സമീപനം കൊണ്ടാണെന്നും കോണ്‍ഗ്രസ് കരുതുന്നു. എംവിഎ തന്ത്രങ്ങളെക്കുറിച്ചും ബി.ജെ.പിയുമായുള്ള ബന്ധത്തെക്കുറിച്ചും പരസ്യമായി സംസാരിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഉന്നതര്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എംവിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്റെ പേര് പ്രഖ്യാപിച്ചേക്കുമെന്നാണ് താക്കറെയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഈയൊരു നീക്കം കോണ്‍ഗ്രസിനെയും എന്‍സിപി(എസ്പി)യെയും തെരഞ്ഞെടുപ്പില്‍ പരമാവധി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയത്. ഒരു പ്രത്യേക പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, സഖ്യത്തിലെ മറ്റ് പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും നൂറ് ശതമാനം ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥിരീകരിച്ചു.
അതിനിടെ, മകന്‍ ആദിത്യയ്ക്കൊപ്പം താക്കറെ എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയുമായ സുനിത കെജ്രിവാളിനെ അവരുടെ വസതിയിലെത്തി കണ്ടു. ശിവസേന എംപി സഞ്ജയ് റാവത്ത്, എഎപി എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവരും സന്നിഹിതരായിരുന്നു.