കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(യ) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്.
നേരത്തെ സിനിമ നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.
ബാലയുടെ പരാതി ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം.