കോഴിക്കോട്: ഉരുളെടുത്ത വീടോ കെട്ടിടമോ നിന്ന സ്ഥലം തിരിച്ചറിയാനാവാതെ പകച്ചുനിന്ന സന്ദര്‍ഭത്തില്‍ വയനാട് ജില്ലാ ഭരണകൂടത്തെയും രക്ഷാസൈന്യത്തെയും തുണച്ചത് കെഎസ്ഇബിയുടെ ‘ഒരുമ നെറ്റ്’. പാതയും മറ്റ് അടയാളങ്ങളുമെല്ലാം ഒലിച്ചു പോയിട്ടും ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഓരോ വീടും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് തിരിച്ചറിയുന്ന ലോഞ്ചിറ്റിയൂഡ് മാര്‍ക്ക് ചെയ്ത ഡാറ്റയാണ് കെഎസ്ഇബിയുടെ പക്കലുള്ളത്. കെഎസ്ബി തന്നെ ഡവലപ് ചെയ്ത ഒരുമ ആപ്പിലാണ് ഈ വിവരങ്ങളുള്ളത്. ഇതാണ് വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കെഎസ്ഇബിയിലെ പ്രോഗ്രാം ഡവലപ്പേഴ്സ് എടുത്തുനല്‍കിയത്.
ഒരുമ നെറ്റില്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രകാരമുള്ള ഉപഭോക്താക്കളുടെ ലിസ്റ്റും അവരുടെ ലൊക്കേഷന്‍ കോഡിനേറ്റ്സും ഉണ്ടെന്ന വിവരം വയനാട് ജില്ലാ കളക്ടറെ മണ്ണാര്‍ക്കാട് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിരുന്നു. അതുപ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ട്രാന്‍സ്ഫോര്‍മറുകളുടെ വിവരം ശേഖരിച്ച് എല്ലാ ഉപഭോക്താക്കളുടെ അഡ്രസ്സും ലൊക്കേഷനും വയനാട് കളക്റ്റര്‍ക്ക് അയച്ചുകൊടുത്തു. ഒരു ട്രാന്‍സ്ഫോര്‍മറിന്റെ ഡാറ്റ മുഴുവനെടുത്ത് നല്കിയപ്പോള് അത് ഉപകാരപ്രദമായിരുന്നെന്നും മറ്റുള്ളവകൂടി കിട്ടിയാല്‍ നന്നായിരുന്നെന്നും കളക്ടറേറ്റില്‍നിന്ന് ആവശ്യപ്പെട്ടതുപ്രകാരം മുഴുവന്‍ ഡാറ്റയും നല്കി. വീടുകളും കെട്ടിടങ്ങളും സ്തിതിചെയ്തിരുന്ന സ്ഥലത്തെ ലൊക്കേഷന്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഡാറ്റ മറ്റൊരു സര്‍ക്കാര്‍ വകുപ്പിന്റെയും പക്കല്‍ ഇല്ലാത്തതുകൊണ്ടുതന്നെ സേനയുടെ തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും വലിയ രീതിയില്‍ കെഎസ്ഇബിയുടെ ഡാറ്റ ഗുണംചെയ്തു. ദുരന്തസ്ഥലത്ത് വൈദ്യുതി ബന്ധം പുനഃസ്താപിക്കുന്നതിനു പുറമെ സേനയുടെ റെസ്ക്യു പ്രവര്‍ത്തനത്തിലും ‘ഒരുമ’യിലൂടെ പരോക്ഷമായി കെഎസ്ഇബി കൂടി ഭാഗമാകുകയായിരുന്നു.
കെഎസ്ഇബി ഐടി വിങ്ങിന്റെ പല ആപ്ലിക്കേഷനുകളിലൊന്നാണ് ഒരുമ. 2012-ലാണ് ഒരുമ നെറ്റ്വര്‍ക്ക് നിലവില്‍വരുന്നത്. കെഎസ്ഇബിയുടെ കണക്ഷനെടുക്കുന്നത്, ബില്ലിങ്, കളക്ഷന്‍സ് എന്നിവയെല്ലാം ഒരുമ സോഫ്റ്റ്വെയര് വഴിയാണ് ചെയ്യുന്നത്. ഉപഭോക്താക്കളുടെ ഫോണ്‍നമ്പറുകള്‍, ലൊക്കേഷന്‍ എന്നിവ ഒരുമയില്‍ ഉണ്ടാവും. കെഎസ്ഇബിയുടെ പത്തോളം വരുന്ന ടീമാണ് ഈ സോഫ്റ്റ്വെയര് ഡെവലപ് ചെയ്തത്.
‘ഒരുമ’യുടെ പെരുമ
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഓരോ വീട്ടിലെത്തുമ്പോഴും ആ വീട് നില്ക്കുന്ന ലൊക്കേഷന്റെ ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ കെഎസ്ഇബിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുമ ആപ്പില്‍ ശേഖരിക്കപ്പെടും. ഓരോ ട്രാന്‍സ്ഫോര്‍മറുകളിലും എത്ര ഉപഭോക്താക്കളുണ്ട്, അവരുടെ വിവരങ്ങള്‍, അവരുടെ വീടോ കെട്ടിടമോ നില്ക്കുന്ന കൃത്യമായ ലൊക്കേഷന്‍ എന്നിവ ഒരുമയില്‍ രേഖപ്പെടുത്തുന്നുണ്ട്. വീടിന്റെയും ലൊക്കേഷന്റെയും ലോഞ്ചിറ്റിയൂഡും ലാറ്റിറ്റിയൂഡും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഒരുമയിലുള്ളത്. ഇത് ഗൂഗിള്‍മാപ്പിലോ മറ്റ് മാപ്പുകളിലോ അപ്ലൈ ചെയ്താല്‍ കൃത്യമായ ലൊക്കേഷന്‍ കണക്കാക്കാനാവും. ഈ ലൊക്കേഷന്‍ വിവരങ്ങളാണ് ജില്ലാ ഭരണകൂടത്തെയും സൈന്യത്തെയും തിരച്ചിലിനും മറ്റും സഹായിച്ച പല ഘടകങ്ങളിലൊന്ന്.
സ്മാര്‍ട്ട് നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിന് ഏതൊക്കെ പ്രദേശത്താണ് കണക്ടിവിറ്റിയുള്ളതെന്ന് കണ്ടുപിടിക്കാനാണ് ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ തങ്ങളുടെ ഡാറ്റബാങ്കില്‍ ഉള്‍പ്പെടുത്തിയതെന്നും അത് ഇത്തരത്തില്‍ ഉപകാരപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും തിരുവനന്തപുരം കെഎസ്ഇബി ഐടി കമ്പ്യൂട്ടറൈസേഷന് യൂണിറ്റ് സീനിയര്‍ പ്രോഗ്രാമര്‍ എ.പി സുരേഷ് കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു.
‘ഓരോ വീടിന്റെയും ലൊക്കേഷന്‍ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കാനായി എന്നതാണ് കെഎസ്ഇബിയുടെ ഒരുമ ആപ്പ് കൊണ്ടുണ്ടായ ഗുണം. സിസ്റ്റത്തില്‍ ഡാറ്റ ലഭ്യമാണ്. പക്ഷെ, ഒരുമിച്ച് കുറെപ്പേരുടേത് സമയനഷ്ടമില്ലാതെ എടുക്കാനാണ് ഒരുമ ടീമംഗങ്ങളായ ഞങ്ങളെ വിളിച്ചത്. ഉടന്‍തന്നെ നല്കി. ഈ ഡാറ്റ എന്‍ഡിആര്‍എഫിനും ഹരിത കര്‍മ്മസേനക്കും ഉപകാരപ്പെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്’, സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.