KeralaNEWS

അഗര്‍വാളിന്റെ പുനരധിവാസം പിണറായി സര്‍ക്കാരിന് തലവേദനയാകും; കേന്ദ്രം കൈയൊഴിഞ്ഞ ഐ.പി.എസുകാരെ എന്തു ചെയ്യും?

തിരുവനന്തപുരം: ബി.എസ്.എഫ്. തലപ്പത്തുനിന്ന് കേരളാ കേഡറിലേക്ക് തിരിച്ചയച്ച നിതിന്‍ അഗര്‍വാളിന്റെ പുനരധിവാസം പിണറായി സര്‍ക്കാരിന് തലവേദനയാകും. അതിര്‍ത്തിയിലെ ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമര്‍ശനം ചൂണ്ടിക്കാട്ടിയാണ് അഗര്‍വാളിനെ പുറത്താക്കിയത്.
ബി.എസ്.എഫ് തലപ്പത്തെ മാറ്റം അസാധാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് അഗര്‍വാളിനെ നീക്കം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. 1989 കേരള ബാച്ച് ഉദ്യോഗസ്ഥനായ നിതിന്‍ അഗര്‍വാളിനെ സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു. സ്‌പെഷ്യല്‍ ഡെപ്യൂട്ടി ഡി.ജി. ആയിരുന്ന വൈ.ബി. ഖുരാനിയേയും മാറ്റിയിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമാണ് നടപടി. സേനയ്ക്കുള്ളില്‍ അഗര്‍വാളിന് നിയന്ത്രണമില്ലായിരുന്നെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ടുചെയ്തു. മറ്റ് സൈനിക വിഭാഗങ്ങളുമായുള്ള ഏകോപനക്കുറവും സ്ഥാനം തെറിക്കുന്നതിന് കാരണമായി. ഇത്തരത്തില്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പുള്ള സ്ഥാനചലനം വഴി ഐപിഎസ് ഉന്നതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ സന്ദേശം നല്‍കുകയാണ്.

Signature-ad

കഴിഞ്ഞ ജൂണിലാണ് അഗര്‍വാള്‍ ബി.എസ്.എഫ്. മേധാവിയായി ചുമതലയേറ്റത്. 2026 ജൂലായ് വരെയായിരുന്നു നിയമനകാലാവധി. അഗര്‍വാളിനൊപ്പം സ്ഥാനചലനമുണ്ടായ ഖുരാനിയ 1990 ബാച്ച് ഒഡിഷ കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. അഗര്‍വാളിനെ കേരളാ കേഡറിലേക്കാണ് തിരിച്ചയച്ചത്. ഇതോടെ കേരളം നിതിന് പുതിയ പദവിയും കണ്ടെത്തേണ്ടി വരും. ഇത് പിണറായി സര്‍ക്കാരിനും തലവേദനായകും. നിലവില്‍ ഷെയ്ഖ് ദര്‍വേശ് സാഹിബാണ് പോലീസ് മേധാവി. സീനിയോറിട്ടിയില്‍ സാഹിബിനും മുകളിലാണ് നിതിന്‍ അഗര്‍വാള്‍.

കഴിഞ്ഞ വര്‍ഷ പോലീസ് മേധാവിയാക്കാനായി തയ്യാറാക്കിയ പട്ടികയിലെ പ്രധാന പേരുകാരന്‍ നിതിനായിരുന്നു. എന്നാല്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ കാരണം പോലീസ് മേധാവിയാകാന്‍ ഇല്ലെന്ന് നിതിന്‍ അഗര്‍വാള്‍ നിലപാട് എടുത്തു. ദര്‍വേശ് സാഹിബിന് അടുത്ത വര്‍ഷം വരെ പോലീസ് മേധാവിയായി തുടരാം. സാഹിബ് വിരമിച്ച ശേഷവും നിതിന് സര്‍വ്വീസുണ്ട്. അപ്പോള്‍ നിതിനെ വീണ്ടും പോലീസ് മേധാവിയായി പരിഗണിക്കേണ്ട സാഹചര്യവും സര്‍ക്കാരിന് മുന്നിലുണ്ട്. നിതിന് കേരളം ഏത് പദവി നല്‍കുമെന്നതും നിര്‍ണ്ണായകമാണ്.

ജമ്മു കശ്മീരില്‍ ജനങ്ങള്‍ക്കും സൈനികര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ തന്ത്രങ്ങളില്‍ കാര്യമായ മാറ്റത്തിനൊരുങ്ങുകയാണ് സൈന്യം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. കാലങ്ങളായി അക്രമം ഇല്ലാതിരുന്ന മേഖലകളിലും സമാധാന അന്തരീക്ഷം തകര്‍ന്നത് സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. ബിഎസ്എഫിന്റെ 2000 ഭടന്‍മാരെ കശ്മീര്‍ മേഖലയില്‍ പുതുതായി വിന്യസിച്ചു.

സാമ്പാ മേഖലയിലാണ് ഇവരുടെ സേവനം ഉപയോഗിക്കുന്നത്. കേന്ദര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച യോഗത്തിനുശേഷമാണ് നിതിന് അഗര്‍വാളിനെ മാറ്റിയത്. ബി എസ് ഫസേനയുടെ തലപ്പത്തുള്ള രണ്ടു പേരെ ഒരുമിച്ചു നീക്കുന്നത് അപൂര്‍വമാണ്.

Back to top button
error: